suicide

തൃശൂർ: കുടുംബത്തോടെ ജീവനൊടുക്കാൻ വിഷവാതകം ഉണ്ടാക്കാനായി കൊടുങ്ങല്ലൂരിലെ സോഫ്ട് വെയർ എൻജിനിയർ ആസിഫ് ഓൺലൈനായി വരുത്തിയത് കാത്സ്യം കാർബണേറ്റാണെന്ന് പൊലീസ് കണ്ടെത്തി. കുറ്റകൃത്യങ്ങൾക്ക് പ്രേരകമാകുമെന്നതിനാൽ ഇതിനൊപ്പം കൂട്ടിക്കലർത്തി കത്തിച്ച രാസവസ്തുവിന്റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കൻ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആസിഫ് (41), ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്‌നുന്നിസ (8) എന്നിവരാണ് കഴിഞ്ഞദിവസം ലോകമലേശ്വരം ഉഴുവത്തുകടവിലുള്ള വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹങ്ങളിൽ ലെഡ് ഓക്‌സൈഡിന്റെ സാന്നിദ്ധ്യം ഉള്ളതായും നിഗമനമുണ്ട്. കാർബൺ മോണോക്‌സൈഡിന്റെ സാന്നിദ്ധ്യമാണ് കൂടുതലും.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറയുന്നു.

 പദ്ധതിയിട്ടത് രണ്ട് വർഷം മുമ്പ്

രണ്ടുവർഷം മുമ്പേ ആസിഫ് ആത്മഹത്യയ്ക്ക് പദ്ധതിയിട്ടിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. സാമ്പത്തിക ബാദ്ധ്യതയാണ് കാരണം. കിടപ്പുമുറിയിൽ നിന്ന് കണ്ടെടുത്ത ടൈപ്പ് ചെയ്‌ത് തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പിൽ കോടികളുടെ ബാദ്ധ്യതയെപ്പറ്റി പറയുന്നുണ്ട്. ഒരിടത്തെ ബാദ്ധ്യത തീർക്കാൻ മാത്രം രണ്ടുകോടി വേണം. തന്റെ ശമ്പളം കൊണ്ടു മാത്രം കടം വീട്ടാനാവില്ലെന്നും ആസിഫിന്റെ ആത്മഹത്യാ കുറിപ്പിലുണ്ട്. അതേസമയം കടം വാങ്ങിയവരോട് കൂടുതൽ സമയം ചോദിക്കാൻ ആസിഫ് മടിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ആസിഫിന്റെയും കുടുംബത്തിന്റെയും മരണത്തിന് കാരണമായ രാസവസ്തുക്കൾ ഓൺലൈനായി വിൽക്കുന്നത് തടയാൻ സർക്കാർ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.