school

തൃശൂർ : കൊവിഡിൽ, പൂർണ്ണമായി അടച്ചിടുകയും ഇടയ്ക്കിടെ പകുതി കുട്ടികളെ വീതം പ്രവേശിപ്പിക്കുകയും ചെയ്ത സ്‌കൂളുകൾ ഇന്നലെ പൂർണ്ണമായി തുറന്നു. രണ്ട് വർഷത്തിന് ശേഷമാണ് അക്ഷരമുറ്റം നിറഞ്ഞത്. മാസങ്ങൾക്ക് മുമ്പ് സ്‌കൂൾ തുറന്നെങ്കിലും ഒരേ ക്ലാസിലുള്ളവർക്ക് രണ്ട് ഘട്ടങ്ങളിലായാണ് ക്ലാസ് നടത്തിയത്.
അതുകൊണ്ട് പല കുട്ടികൾക്കും സഹപാഠികളെ പോലും തിരിച്ചറിയാനായിരുന്നില്ല. ഇന്നലെ പ്രവേശനോത്സവത്തിന്റെ പ്രതീതിയിലായിരുന്നു സ്‌കൂൾ. കൊവിഡ് പ്രോട്ടോകാൾ പാലിക്കണമെന്ന കർശന നിർദ്ദേശമുണ്ടെങ്കിലും ആദ്യ ദിനത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഒത്തുകൂടിയതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാർത്ഥികൾ.
ഒന്ന് മുതൽ പത്ത് വരെ ക്ലാസിൽ വിദ്യാർത്ഥികൾക്ക് പുറമേ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികളുമെത്തി. സ്‌കൂൾ തലത്തിൽ ആകെയുള്ള 3,23,418 പേരിൽ 2,16,301 പേരാണ് ഇന്നലെ സ്‌കൂളുകളിലെത്തിയത്. കൊവിഡ് മൂലം ഒറ്റ സ്‌കൂളും അടച്ചിടേണ്ടി വന്നിട്ടില്ല. 243 വിദ്യാർത്ഥികളും 105 അദ്ധ്യാപകരാണ് കൊവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നത്.
പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശ ഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചത്. യൂണിഫോമും ഹാജറും നിർബന്ധമല്ല. സി.ബി.എസ്.ഇ സ്‌കൂളും തുറന്ന് പ്രവർത്തിച്ചുതുടങ്ങി. ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാർച്ച് വരെ ക്ലാസുണ്ടാകും. ഏപ്രിലിലായിരിക്കും വാർഷിക പരീക്ഷ. 10,12 ക്ലാസുകൾ ഈ മാസം അവസാനത്തോടെ തീർക്കും. പിന്നീട് റിവിഷനുള്ള സമയം നൽകി മോഡൽ പരീക്ഷ നടത്തും.

ജോലി ഭാരം കുറഞ്ഞ ആശ്വാസം

ഒരു സമയത്ത് പൂർണ്ണമായും ഓൺലൈൻ ക്ലാസ്, പിന്നീട് പകുതി കുട്ടികൾക്ക് നേരിട്ടും ബാക്കിയുള്ളവർക്ക് വൈകിട്ടും ഓൺ ലൈൻ ക്ലാസ്. അദ്ധ്യാപകരെ സംബന്ധിച്ച് ഏറെ ദുരിതമായിരുന്നു പഠിപ്പിക്കൽ. സ്‌കൂളിൽ ക്ലാസ് കഴിഞ്ഞ് പലരും രാത്രികാലങ്ങളിലാണ് ഓൺലൈൻ ക്ലാസ് വയ്ക്കാറ്. പല കുട്ടികളുടെയും മൊബൈൽ രക്ഷിതാക്കളുടെ കൈവശമായതിനാൽ രാത്രികാലങ്ങളിൽ മാത്രമേ ക്ലാസെടുക്കാനാകൂ. നിലവിൽ തീരെ വരാൻ സാധിക്കാത്തവർക്ക് മാത്രമായി ഓൺലൈൻ ക്ലാസ് ചുരുക്കി. ഇന്നലെ എല്ലാ സ്‌കൂളിലും ഭൂരിഭാഗം കുട്ടികളെത്തി.

ലഹരിയിലേക്ക് വീഴാതെ ശ്രദ്ധിക്കണമെന്ന് പൊലീസ്

ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ വലിയൊരു ശതമാനം കുട്ടികൾ മൊബൈൽ ഫോണിന് അടിമപ്പെട്ട സാഹചര്യത്തിൽ, നേരിട്ട് കുട്ടികളെത്തുമ്പോൾ ലഹരി വസ്തുക്കൾക്ക് അടിമപ്പെടാതെ ശ്രദ്ധിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്. ഇന്നലെ ഓരോ പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരും തങ്ങളുടെ പരിധിയിൽ വരുന്ന സ്‌കൂളിലെത്തി അദ്ധ്യാപകർക്ക് നിർദ്ദേശം നൽകി. വിദ്യാർത്ഥികളിൽ വ്യാപകമായി കണ്ടുവരുന്ന ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് ജാഗ്രതാനിർദ്ദേശവുമായി പൊലീസെത്തിയത്.

എണ്ണവും ഹാജരായവരും

ഒന്നാം ക്ലാസ് 28494 18262
രണ്ടാം ക്ലാസ് 29240 18797
മൂന്നാം ക്ലാസ് 29229 19494
നാലാം ക്ലാസ് 31028 20976
അഞ്ചാം ക്ലാസ് 32369 20259
ആറാം ക്ലാസ് 32715 20631
എഴാം ക്ലാസ് 33769 22092
എട്ടാം ക്ലാസ് 35331 24320
ഒമ്പതാം ക്ലാസ് 34714 23172
പത്താം ക്ലാസ് 36529 28298

ആകെ എത്തേണ്ടത് 3,23,418
ഹാജരായവർ 2,16,301.