
കൊടുങ്ങല്ലൂർ: ചന്തപ്പുര ഉഴുവത്തുകടവിൽ നാലംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്തത് വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജധികൃതർ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. കാടാംപറമ്പത്ത് ഉബൈദുവിന്റെ മകൻ ആസിഫ് (41), ഭാര്യ അബീറ (34) ഇവരുടെ മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്‌നുന്നിസ (8) എന്നിവരെയാണ് ഞായറാഴ്ച വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. വിഷവാതകം ഉണ്ടാക്കുന്നതിനായി രാസവസ്തുക്കൾ ഒാൺലൈനിൽ ജനുവരിയിൽ ഓർഡർ ചെയ്തിരുന്നു. രാസവസ്തുക്കളുടെ കവറും ഡെലിവറി ചെയ്ത കവറും പൊലീസ് കണ്ടെടുത്തു. മക്കൾ ഉറങ്ങിയശേഷം ആസിഫ് ഉബൈദുള്ളയും ഭാര്യ അബീറയും ചേർന്ന് വിഷവാതകം ഉണ്ടാക്കിയെന്നാണ് നിഗമനം.
 നാലു മാസമായി ശമ്പളമില്ല
നാലുമാസമായി ആസിഫിന് ശമ്പളമില്ലാത്ത കാര്യം ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ഒരുകോടിയുടെ രണ്ട് കുറികൾ വിളിച്ചെടുത്തത് ആറ് വർഷമായി മുടങ്ങിയെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ആസിഫിന്റെ പിതാവ് ഉബൈദും റിയൽ എസ്റ്റേറ്റ് നടത്തി സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയിരുന്നെന്നും പറയുന്നു. ഇവർ താമസിക്കുന്ന സ്ഥലം പണയപ്പെടുത്തിയാണ് കുറി വിളിച്ചത്. കൂടാതെ വ്യക്തിഗത വായ്പകളും ഉണ്ടായിരുന്നു. ആസിഫിന്റെ വീട്ടുകാർക്കെതിരെ ഭാര്യ അബിറയുടെ കുടുംബം രംഗത്തെത്തി. കുടുംബത്തിന്റെ കടബാദ്ധ്യത ആസിഫിന്റെ തലയിൽ കെട്ടിവച്ചെന്നും കൂട്ട ആത്മഹത്യക്ക് ഇതാണ് കാരണമെന്നും അവർ കുറ്റപ്പെടുത്തുന്നു.
 കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
വിഷവാതകം ശ്വസിച്ച് ജീവനൊടുക്കിയ ആസിഫ്, ഭാര്യ അബീറ, മക്കളായ അസ്ഹറ ഫാത്തിമ, അനെയ്‌നുന്നിസ എന്നിവർക്ക് ഉറ്റവരും നാട്ടുകാരും തേങ്ങലോടെ അന്ത്യയാത്രയേകി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ടോടെ വീട്ടിൽ കൊണ്ടുവന്നു. രാത്രി ഏഴു മണിയോടെ ചേരമാൻ ജുമാമസ്ജിദിൽ മാതാപിതാക്കളെയും മക്കളെയും അടുത്തടുത്തായി കബറടക്കി. ബെന്നി ബെഹനാൻ എം.പി, വി.ആർ. സുനിൽകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.