വടക്കാഞ്ചേരി: ആർപ്പുവിളികളും ആരവങ്ങളുമായി മച്ചാട് താഴ്‌വാരത്തിലെ തിരുവാണിക്കാവിലേയ്ക്ക് ഇന്ന് കുതിരകളെത്തും. ഓരോ ദേശവും മത്സര ബുദ്ധിയോടെ കെട്ടിയുണ്ടാക്കിയ മനോഹരമായ കുതിരകൾ തിരുവാണിക്കാവ് സന്നിധിയിൽ സംഗമിക്കും. ഉച്ചയോടെ കുതിരച്ചാട്ടം ആരംഭിക്കും. കൊവിഡ് മൂലം വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കൂടിയവർ ഉത്സവമുറ്റത്ത് ഒത്തുകൂടും. ഏറെ വീറും വാശിയോടെയുമാണ് തട്ടക നിവാസികൾ ഇക്കുറി കുതിരകളെ തയ്യാറാക്കിയിട്ടുള്ളത്. നിറങ്ങളിലും വലുപ്പത്തിലും ഓരോ ദേശത്തിന്റെ കുതിരകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. മണലിത്തറ ദേശത്തിന്റെ കുംഭകുടമെഴുന്നെള്ളിപ്പും ഈ വർഷം വർണാഭമാക്കും. നാടൻ കലാരൂപങ്ങളായ പൂതൻ, ആണ്ടി, തിറ തുടങ്ങിയവയും കാവിലെത്തി പ്രദക്ഷിണം വയ്ക്കും. കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാർ പഞ്ചവാദ്യത്തിനായി അണിനിരക്കും.