 
ചാലക്കുടി നഗരസഭയിലെ മാസ്റ്റർ പ്ലാൻ ഭേദഗതിയിൽ പൊതുജനങ്ങളുടെ ഹിയറിംഗ് ആരംഭിച്ചപ്പോൾ.
ചാലക്കുടി: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങളിൽ നിന്നും നേരിട്ട് ആക്ഷേപങ്ങൾ സ്വീകരിക്കലിന് തുടക്കമായി. 1 മുതൽ 6 വരെയുള്ള വാർഡുകളിലെ പരാതിക്കാർക്കായിരുന്നു ആദ്യദിവസം അവസരം നൽകിയത്. അഞ്ച് ദിവസത്തിനുള്ളിൽ മുഴുവൻ പരാതിക്കാർക്കും നേരിൽ പ്രശ്‌ന്ങ്ങൾ ബോധിപ്പിക്കാം. ആകെ ലഭിച്ച 1539 പരാതിക്കാർക്കും തപാൽ വഴി അറിയിപ്പ് നൽകിയാണ് സ്‌പെഷ്യൽ കമ്മിറ്റി ഹിയറിംഗ് നടത്തുന്നത്. വെള്ളിയാഴ്ചയോടെ വ്യക്തിഗത പരാതികൾ സംബന്ധിച്ച് ഹിയറിംഗ് പൂർത്തിയാക്കും. തുടർന്ന് സംഘടനകൾ, സ്ഥാപനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, ആക്ഷൻ കൗൺസിലുകൾ എന്നിവയുടേയും പരാതികളും അഭിപ്രായങ്ങളും കേൾക്കും. തുടർന്നായിരിക്കും കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ഭേദഗതികൾ സ്‌പെഷ്യൽ കമ്മിറ്റി തയ്യാറാക്കി കൗൺസിലിന് സമർപ്പിക്കുക. കൗൺസിൽ അന്തിമ ഭേദഗതികൾ വരുത്തി ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗത്തിന് സമർപ്പിക്കും. ചെയർമാൻ വി.ഒ.പൈലപ്പൻ, ജില്ലാ ഡെപ്യൂട്ടി ടൗൺ പ്ലാനർ മനോജ് കുമാർ, സ്‌പെഷ്യൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹിയറിംഗ്.