1

ചെറുതുരുത്തി: കുംഭ മാസത്തിലെ ചിത്തിര നക്ഷത്രത്തിൽ ഏഴുദേശങ്ങൾ സംഗമിച്ച കോഴിമാംപറമ്പ് പൂരം തട്ടകത്തിൽ ആവേശം അലതല്ലി. പുതുശ്ശേരി, പാഞ്ഞാൾ, ചെറുതുരുത്തി, താഴപ്ര, വെട്ടിക്കാട്ടിരി, പള്ളിക്കൽ, നെടുമ്പുര, ആറ്റൂർ എന്നീ ഏഴു ദേശക്കാൾ എഴുന്നള്ളിപ്പിലും വാദ്യമേളങ്ങളിലും മാറ്റുരച്ചു. ഉച്ചയോടെ ദേശങ്ങൾ എഴുന്നള്ളിപ്പ് ആരംഭിച്ചു. പുതുശ്ശേരി ദേശം മണ്ണഴി മനയിൽ നിന്നും എഴുന്നള്ളിച്ചു. പുതുശ്ശേരി കേശവൻ ഭഗവതിയുടെ തിടമ്പേറ്റി. പാഞ്ഞാൾദേശം അയ്യപ്പൻകാവിൽ നിന്നും എഴുന്നള്ളിച്ചു. തെച്ചിക്കോട്ട് ദേവീദാസൻ തിടമ്പേറ്റി. ചെറുതുരുത്തിദേശം പങ്ങാവ് ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ചു. ചിറക്കൽ കാളിദാസൻ തിടമ്പേറ്റി. താഴപ്ര വെട്ടിക്കാട്ടിരി വിഭാഗം താഴപ്ര ശിവക്ഷേത്ര പരിസരത്ത് നിന്ന് എഴുന്നള്ളിച്ചു. കുട്ടൻകുളങ്ങര അർജുനൻ തിടമ്പേറ്റി. ആറ്റൂർദേശം വാധ്യർ മനക്ഷേത്ര പരിസരത്ത് നിന്ന് എഴുന്നള്ളിച്ചു. ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ ഭഗവതിയുടെ തിടമ്പേറ്റി. എഴുന്നെള്ളിപ്പുകൾ ക്ഷേത്ര മൈതാനത്ത് സംഗമിച്ച ശേഷം കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. കാളവേല, പൂതൻ, തിറ, വെള്ളാട്ട് എന്നിവ ദേവിയെ വണങ്ങി മടങ്ങി.