ഗുരുവായൂർ: ഉച്ചപൂജയ്ക്കായി ഗുരുവായൂരപ്പൻ ബുധനാഴ്ച ഇടത്തരികത്തുക്കാവ് ഭഗവതിയുടെ സമീപത്തെത്തും. വർഷത്തിൽ ആറാട്ട് ദിവസം മാത്രമാണ് ഗുരുവായൂരപ്പന് ഇടത്തരികത്തുക്കാവ് ഭഗവതിയുടെ സമീപം ഉച്ചപൂജ നടക്കുന്നത്. ആറാട്ട് കഴിഞ്ഞാൽ ഗുരുവായൂരപ്പനെ ഭഗവതിയമ്പലത്തിലേയ്ക്കാണ് എഴുന്നള്ളിക്കുന്നത്. വർഷത്തിൽ ഒരുദിവസം താൻ അവിടെ വന്ന് കണ്ടു കൊള്ളാമെന്ന് ഗുരുവായൂരപ്പൻ ഇടത്തരികത്ത്കാവ് ഭഗവതിയോട് അരുളിചെയ്തിട്ടുണ്ടത്രേ. ദേവഗുരുവും വായുദേവനും ചേർന്ന് ഗുരുവായൂരപ്പ വിഗ്രഹം പ്രതിഷ്ഠിക്കുവാനായി വന്നപ്പോൾ സ്ഥലം നിർണയിച്ചത് ദേവിയായിരുന്നു. രുദ്രതീർത്ഥത്തിൽ തപസനുഷ്ഠിച്ചിരുന്ന ശിവൻ മമ്മിയൂർക്ക് മാറിയതും ദേവിയുടെ നിർദ്ദേശപ്രകാരം ആയിരുന്നു. ഇതേതുടർന്ന് വർഷത്തിൽ ഒരു ദിവസം ഇവിടെവച്ച് തമ്മിൽ കാണാമെന്ന് ഭഗവാൻ ദേവിയോട് പറഞ്ഞതായും അന്നേ ദിവസം ഭക്ഷണവും ദേവിയുടെ അടുത്ത് നിന്നാകുമെന്നും അരുൾ ചെയ്തിരുന്നതായാണ് ഐതിഹ്യത്തിൽ പറയുന്നത്. ഈ വിശ്വാസത്തിൽ ആറാട്ട് കഴിഞ്ഞാൽ ഗുരുവായൂരപ്പനെ ഭഗവതി ക്ഷേത്രത്തിൽ എഴുന്നള്ളിച്ചിരുത്തിയാണ് ഉച്ചപൂജ നടത്തുക. ഈ ദിവസത്തിൽ മാത്രമാണ് ഗുരുവായൂരപ്പൻ ദേവിയുമായി നേരിട്ട് കാണുകയും ചെയ്യുന്നത്. ഭഗവതി ക്ഷേത്രത്തിൽ ഉച്ചപൂജ കഴിഞ്ഞാണ് ഉത്സവം കൊടിയിറക്കുന്നതിനായി ഗുരുവായൂരപ്പൻ ആനപ്പുറത്ത് എഴുന്നള്ളുക.