
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ പ്രധാനച്ചടങ്ങായ പള്ളിവേട്ടയ്ക്കും, ആറാട്ടിനും നടക്കുന്ന ഗ്രാമപ്രദക്ഷിണത്തിന് അഞ്ചാനകളെ എഴുന്നള്ളിക്കും. ദേവസ്വം ഓഫീസിൽ ചേർന്ന ദേവസ്വത്തിലെയും പൊലീസിലെയും ഉന്നതതല അവലോകനയോഗത്തിലാണ് ദേവസ്വം അധികൃതർ ഇക്കാര്യം അറിയിച്ചത്. എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണത്തിന് ദേവസ്വം ഉദ്യോഗസ്ഥർക്കൊപ്പം പൊലീസിനെയും നിയോഗിക്കാൻ തീരുമാനിച്ചു.
പ്രത്യേക എലിഫന്റ് സ്‌ക്വാഡും രംഗത്തുണ്ടാകും. ഇത്തവണ പള്ളിവേട്ടയ്ക്ക് ദേവസ്വം പന്നി വേഷത്തെ മാത്രം അനുവദിച്ചാൽ മതിയെന്നും തീരുമാനിച്ചു. ആറാട്ട് ദിവസം രുദ്ര തീർത്ഥക്കുളം ഭക്തർക്കായി തുറന്ന് നൽകും. സ്ത്രീ ഭക്തർക്കായി പ്രത്യേക മറ കെട്ടിതിരിച്ച കടവ് ഒരുക്കും. ഇവിടെ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ നിയോഗിക്കും.
പ്രാദേശിക ക്യൂ മുൻകാല സമയക്രമത്തിലും വിധത്തിലും ഈ മാസം 24 മുതൽ പുന:സ്ഥാപിക്കും. ഗുരുവായൂർ നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരുടെ ആധാർ / വോട്ടർ ഐഡി എന്നിവയായിരിക്കും പ്രവേശന മാനദണ്ഡം. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, ഗുരുവായൂർ എ.സി.പി. കെ.ജി.സുരേഷ്, സി.ഐ പ്രേമാനന്ദ കൃഷ്ണൻ, എസ്.ഐ. ഗിരി, ദേവസ്വം ഡി.എ പി. മനോജ് കുമാർ തുടങ്ങിയവർ സന്നിഹിതരായി.
താന്ത്രിക ചടങ്ങായ ഉത്സവബലി നടന്നു
ഗുരുവായൂർ: ക്ഷേത്രോത്സവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലിക്ക് തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമായിരുന്നു ഉത്സവബലി നടന്നത്. ഗുരുവായൂരപ്പന്റെ ഭൂതഗണങ്ങളെ മുഴുവൻ പാണികൊട്ടി മന്ത്രപുരസരം ആവാഹിച്ച് വരുത്തി ബലികൊടുത്ത് തൃപ്തിപ്പെടുത്തുന്നതാണ് ഉത്സവബലി. നാലമ്പലത്തിനകത്ത് തെക്കേമുറ്റത്ത് ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തിയ ശേഷം സപ്തമാതൃക്കൾക്ക് ബലി തൂവി. തുടർന്ന് ബലിപീഠങ്ങളിൽ നിവേദ്യം പൂജിച്ചു. കൊടിമരത്തിൽ സാന്നിദ്ധ്യമുള്ള ഗരുഡസ്വരൂപിയായ വൈനതേയനും, വലിയ ബലിക്കല്ലിൽ സാന്നിദ്ധ്യമുള്ള പന്ത്രണ്ട് ദേവതകൾക്കുമുള്ള പൂജ നടത്തി. ക്ഷേത്രപാലകനുള്ള പൂജയോടെ ചടങ്ങുകൾ സമാപിച്ചു. ഇന്നാണ് പള്ളിവേട്ട ചടങ്ങുകൾ.