
മതിലകം: സഹപ്രവർത്തകർ അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന് പരാതിപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന വനിതാനേതാവ് രാഷ്ട്രീയം വിട്ടു. സമരമുഖങ്ങളിലെ തീപ്പൊരിയും തദ്ദേശ തിരഞ്ഞടുപ്പിലെ യു.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ വനിതാനേതാവാണ് രാഷ്ട്രീയം വിടുന്നതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്.
ഒരാഴ്ച മുമ്പാണ് തനിക്കെതിരെ മോർഫ് ചെയ്ത അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, മണ്ഡലം ഭാരവാഹി അഫ്‌സൽ എന്നിവർക്കെതിരെ മതിലകം പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
കോൺഗ്രസ് നേതൃത്വത്തിൽ നിന്നും തനിക്ക് ഒരുവിധ പിന്തുണയും ലഭിച്ചില്ലെന്നും പാർട്ടിയിൽ ഇനി പ്രതീക്ഷയില്ലെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു. കുറിപ്പ് ഇങ്ങനെ തുടരുന്നു. പരാതി നൽകാനിടയായ സാഹചര്യമോ തന്റെയവസ്ഥയോ ഒന്നും നേതൃത്വം അന്വേഷിച്ചില്ല. കൂടപ്പിറപ്പുകളെന്ന് വിശ്വസിച്ചവർ വീഡിയോ പകർത്തിയും ഷെയർ ചെയ്തും നെറികെട്ട രാഷ്ട്രീയം കളിച്ച് എതിർ ചേരിയിലുള്ളവരേക്കാൾ ഭംഗിയായി കളിച്ചു. സ്വന്തം നിലയ്ക്കാണ് പരാതി നൽകിയത്. പൊലീസിൽ നിന്നുപോലും നീതി ലഭിച്ചില്ല. ഈ നാട്ടിൽ ഒരു പെണ്ണ് എത്രയൊക്കെ പര്യാപ്തത നേടിയായും സമരം ചെയ്താലും അവളുടെ ശരീരത്തിൽ ഒരു ചാൺ തുണി മാറുമ്പോൾ തുടങ്ങുന്ന സദാചാര ആത്മരോഷങ്ങളും ആഘോഷങ്ങളും തന്നെയാണ് പല പെൺകുട്ടികളെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. മരിക്കില്ല. ജീവിച്ചു കാണിക്കാൻ തന്നെയാണ് തീരുമാനമെന്നും കുറിപ്പിൽ പറയുന്നു.