പാവറട്ടി: ഏഴു മാസം പ്രായമായപ്പോൾ തന്നെ ബാലതാരമായി കാമറയ്ക്ക് മുമ്പിൽ അഭിനയിച്ച് തുടങ്ങിയ മീനാക്ഷി രണ്ട് വയസിലും പാട്ടിലും അഭിനയത്തിലും വീണ്ടും തിളങ്ങി മിന്നും താരമായി മാറുന്നു. എളവള്ളി പഞ്ചായത്തിലെ കാക്കശ്ശേരി മംഗലത്ത് മഹേഷ് ലാലിന്റെയും ലക്ഷ്മിയുടേയും മകളായ മീനാക്ഷി 7 മാസം പ്രായമായപ്പോൾ ജനം ടി.വിയുടെ ദേശഭക്തി ഗാനത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. ആരും ഒന്നും പറഞ്ഞു കൊടുക്കാതെ തന്നെ മീനാക്ഷിക്ക് പാടാനും അതുപോലെ അഭിനയിച്ചു കാണിക്കാനും കഴിയുന്ന ഒരു പ്രത്യേക കഴിവ് തോന്നിയതിനാലാണ് ആൽബങ്ങളിലും മറ്റും അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അച്ഛൻ മഹേഷ് ലാൽ സീരിയലുകൾക്കും ആൽബങ്ങൾക്കും എഡിറ്റിംഗ് നടത്തിയിട്ടുണ്ട്. അച്ഛനാണ് മിടുക്കിക്കുട്ടി മീനാക്ഷിയിലെ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നത്. ജന്മാഷ്ടമി ആൽബത്തിലെ കണ്ണൻ, വെണ്ണക്കണ്ണൻ, ഉണ്ണിക്കണ്ണൻ, എൻകണ്ണൻ തുടങ്ങിയ ആൽബങ്ങളിലെല്ലാം മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. കാവിലമ്മ ആൽബത്തിൽ കുട്ടി കോമരമായി അഭിനയിച്ചത് ഏറെ പ്രശംസ പിടിച്ചിരുന്നു. ഇപ്പോൾ ജോൺസൺ സംവിധാനം ചെയ്യുന്ന 'സ്‌നേഹാംബരം ' സിനിമയിൽ ചലചിത്ര താരം സുനിൽ സുഖദയോടൊപ്പം അഭിനയിച്ചു വരുന്നു.