തൃശൂർ: വേനൽ കടുത്തതോടെ ഐസ് ഉപയോഗിക്കാതെയും ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർത്തും മീൻ വിൽക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാവകുപ്പ്. അന്യസംസ്ഥാനങ്ങളിൽ നിന്നും പഴകിയ മീൻ എത്തുന്നുവെന്ന പരാതിയുമുണ്ട്. ജില്ലയിൽ എവിടെയും ചെന്ന് പരിശോധന നടത്താൻ മൊബൈൽ ലാബുണ്ട്. കടകളിൽ തന്നെ പരിശോധന നടത്താൻ സ്ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്.
മത്സ്യസ്റ്റാളുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാലാബിലേക്കും അയക്കുന്നുണ്ട്. ലാബ് റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് കട ഉടമകളുടെ ലൈസൻസ് റദ്ദാക്കുന്നതും പിഴ ഈടാക്കുന്നതും അടക്കമുള്ള നടപടികളുമുണ്ടാകും.
ഓപ്പറേഷൻ സാഗർറാണി രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഫിഷറീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യവകുപ്പുകൾ സംയുക്തമായാണ് പരിശോധനകൾ നടത്തുന്നത്. ഇന്നലെ ശക്തൻമാർക്കറ്റിലെ സ്റ്റാളുകളിൽ രാവിലെ അഞ്ചുമണിയോടെയായിരുന്നു മിന്നൽ പരിശോധന. പരിശോധനയിൽ മത്സ്യവിപണനത്തിൽ പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും കടയുടമകൾക്കും ഉപഭോക്താക്കൾക്കും നിർദ്ദേശവും നൽകുന്നുണ്ട്.
വിഷമയമായ ഭക്ഷ്യവസ്തുക്കൾ വിപണിയിലത്തെുന്നത് തടയാൻ സംസ്ഥാനത്ത് ആദ്യമായി മൊബൈൽ ലാബ് തുടങ്ങിയത് ഭക്ഷ്യസുരക്ഷാവിഭാഗമായിരുന്നു. ചെക്പോസ്റ്റുകളിൽ ഉൾപ്പെടെ പറന്നെത്താനായിരുന്നു മൊബൈൽ ലാബുകൾ സജ്ജീകരിച്ചത്. എന്നാൽ കൊവിഡ് കാലത്ത് പരിശോധനകൾ കുറഞ്ഞു. വിപണികൾ വീണ്ടും സജീവമായപ്പോൾ മായം ചേർക്കലും കൂടി.
കഴിഞ്ഞ മാസം ചാവക്കാട് കടപ്പുറത്ത് നിന്ന് മീൻ വാങ്ങിയയാളെ ഗുരുതരമായ അസ്വസ്ഥതകളെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ചാവക്കാട് നഗരസഭയ്ക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. പഴകിയ മത്സ്യം കടപ്പുറത്ത് കൊണ്ടുവന്ന് മണൽ പുരട്ടി പുതിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കുന്ന സംഘങ്ങൾ ഉണ്ടെന്നും പരാതികളുണ്ടായിരുന്നു.
ശക്തൻ മത്സ്യമാർക്കറ്റിൽ സംയുക്ത പരിശോധനയിൽ ഏഴരക്കിലോ ചാളയാണ് പിടിച്ചെടുത്തു നശിപ്പിച്ചത്. ഐസ് ഉപയോഗിക്കാതെ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മറ്റുളളവയുടെ സാമ്പിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടന്നമുറയ്ക്ക് നടപടികളുണ്ടാകും. ഭക്ഷ്യസുരക്ഷാ ഓഫീസർ രേഖ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ലീന തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വേനൽച്ചൂട് കൂടിയ സാഹചര്യത്തിൽ മത്സ്യം ചീയാനുളള സാദ്ധ്യത കൂടുകയാണ്. വേണ്ടത്ര ഐസ് ഉപയോഗിക്കാത്തതും പ്രശ്നമാകുന്നുണ്ട്. എന്തായാലും മിന്നൽ പരിശോധനകൾ തുടരും.
- രേഖ, ഭക്ഷ്യസുരക്ഷാ ഓഫീസർ