1
ആവേശം... വടക്കാഞ്ചേരി മച്ചാട് മാമാങ്കത്തോട് അനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകൾ ആവേശത്തിമിർപ്പോടെ തിരുവാണിക്കാവ് ക്ഷേത്രത്തിലേക്ക് വരുന്നു. ഫോട്ടോ: റാഫി എം. ദേവസി

വടക്കാഞ്ചേരി: ഉത്സവപ്രേമികളുടെ മനംനിറച്ച് പൊയ്കുതിരകൾ കാവിലെത്തി. വർണത്തിനും വലിപ്പത്തിലും ഒന്നിനൊന്ന് കിടപിടിക്കുന്ന കുതിരകളായിരുന്നു ഓരോ തട്ടകത്തിന്റെയും. ഉച്ചയോടെ കുതിരവരവിനു മുമ്പായി തന്നെ ജനങ്ങൾ വഴിയോരങ്ങളിലും വയലോരങ്ങളിലും കാത്തുനിന്നിരുന്നു.

ആരവംമുഴക്കിയും ആർപ്പുവിളിച്ചും കുതിരകൾ ക്ഷേത്രത്തിലേക്ക് നീങ്ങി. കുംഭച്ചൂടിനെ വകവയ്ക്കാതെ പുഞ്ചപ്പാടങ്ങളിലൂടെ കുതിരകൾ ഓരോന്നായി വീണ കണ്ടത്തിൽ സ്ഥാനം പിടിച്ചു. മംഗലം അയ്യപ്പൻകാവിലെ വെളുത്ത ആൺകുതിരയാണ് ആദ്യം എത്തിയത്. കരുമത്ര ദേശം ആചാര വെടി മുഴക്കി നെൽപ്പാടങ്ങളിലൂടെ ക്ഷേത്രത്തിലെത്തി. പിന്നാലെ മണലിത്തറ ദേശം കുംഭക്കുടവുമായി ക്ഷേത്രത്തിലെത്തി.

ഭഗവതിയുടെ കുതിരകൾ തട്ടകത്തെ കുതിരകളെ സ്വീകരിച്ചു. തുടർന്ന് പല്ലാവൂർ ശ്രീധരൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം തീർത്തശേഷം കുതിരകൾ ഭഗവതിയുടെ തിരുസന്നിധിയിൽ ആടിത്തിമിർത്തു. തുടർന്ന് ജിതിൻ കല്ലാറ്റിന്റെ പ്രമാണത്തിൽ മേളം, ദേശക്കാരുടെ കുതിരകളി, ഹരിജൻ വേല, കലാമണ്ഡലം കണ്ണൻ മാരാരുടെ തായമ്പക എന്നിവ അരങ്ങേറി.

ഇന്ന് രാവിലെ ഭഗവതിയുടെ പ്രതിപുരുഷനായുള്ള ഇളയതിനെ വടക്കെനടയിൽ ഭക്തർ സ്വീകരിച്ച് തട്ടിലിരിത്തും. ഇളയത് അരിയും പൂവും എറിഞ്ഞ് ഭക്തരെ അനുഗ്രഹിക്കുന്നതോടെ മച്ചാട് മാമാങ്കത്തിന്റെ ചടങ്ങുകൾക്ക് സമാപനമാകും.