ചിറങ്ങര: ചിറങ്ങര പാടശേഖരത്തിൽ നടക്കുന്നത് വൻ അഴിമതിയുടെ ദൃഷ്ടാന്തം. ആധുനിക സംവിധാനത്തോടെയുള്ള ആശുപത്രി നിർമ്മിക്കാനെന്ന വ്യാജേനെയാണ് റെയിലിന് സമീപത്തെ മൂന്നര ഏക്കർ സ്ഥലം നികത്തുന്നത്. സമീപത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ നീരോലി തണ്ണീർത്തടം നികത്തുന്നതിന് ഉന്നതങ്ങളിൽ നിന്നുതന്നെ നഗ്‌നമായ നിയമലംഘനം നടന്നുവെന്ന് വ്യക്തം. ഇവിടെയുള്ള തണ്ണീർത്തടം എറണാകുളം സ്വദേശിക്ക് തരംമാറ്റി നൽകിയത് ആർ.ഡി.ഒ തന്നെയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു കൃത്രിമം നടന്നത്. അതേമാസം അവസാനത്തിൽ ആർ.ഡി.ഒ ഉദ്യോഗത്തിൽ നിന്നും വിരമിക്കുകയും ചെയ്തു. പാടം നികത്തിലിന് വില്ലേജ് ഓഫീസിലും ഒത്താശ നടന്നെന്ന് ആരോപണമുണ്ട്. ചില രാഷ്ട്രീയ പാർട്ടികളും ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും പറയുന്നു. തരം മാറ്റലിന്റെ മറവിൽ കൃത്രിമം നടത്തിയാണ് ഉയർന്ന ഉദ്യോഗസ്ഥർ ആനുകൂല്യങ്ങൾ കൈറ്റിയതെന്ന് ആരോപണം ഉയരുന്നു.
രണ്ടാഴ്ച മുൻപ് തുടങ്ങിയ മണ്ണടിയാൽ പാടശേഖരത്തിന്റെ ഭൂരിഭാഗവും നികന്നു കഴിഞ്ഞു. ദിവസം നിരവധി ടോറസ് ലോറികളാണ് മണ്ണുമായി എത്തുന്നത്. പരാതികൾ ഉയർന്നതോടെ പഞ്ചായത്ത് അധികൃതർ പ്രശ്‌നത്തിൽ ഇടപെട്ടു. നാട്ടുകാർ ചേർന്ന് ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്ന് ജില്ലാ കളക്ടർ നൽകിയ സ്‌റ്റോപ്പ് മെമ്മോ പാടത്ത് സ്ഥാപിച്ചെങ്കിലും അതിന്റെ മുകളിലൂടെ ചൊവ്വാഴ്ച പുലർച്ചെ ലോറികളിൽ മണ്ണടിക്കുകയും ചെയ്തു. ഇതോടെയാണ് കർഷക തൊഴിലാളി യൂണിയൻ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. പാടത്തിന് സമീപം കുളങ്ങളും നിരവധി കിണറുകളുമുണ്ട്. സമീപത്തെ പട്ടികജാതി കോളനിക്കാർക്കും തണ്ണീർത്തടം അനുഗ്രഹമാണ്. ഇതിനെയെല്ലാം ഇല്ലാതാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന തണ്ണീർത്തടം നികത്തൽ. എതിർപ്പ് ശക്തമാകുന്നതോടെ കുറച്ചുകാലത്തേയ്ക്ക് മണ്ണടി നിർത്തി വയ്ക്കുകയും പിന്നീട് പൂർവാധികം ശക്തിയോടെ പുനഃരാരംഭിക്കുകയും ചെയ്യലാണ് ഇതിന്റെ പിന്നിൽ പ്രവൃത്തിക്കുന്നവരുടെ ലക്ഷ്യം.