
തൃശൂർ: അംഗത്വമെടുക്കാനായി നൽകിയ ഫോട്ടോയും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് കൃത്രിമ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പ്രതികൾക്കെതിരെ പുതിയ കേസെടുത്തു.
ബാങ്ക് മാനേജരായിരുന്ന ബിജു കരീം, ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ ജിൽസ്, കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
തുപ്പൻകാവ് സ്വദേശി സുജോയിയുടെ പരാതിയിലാണ് കേസ്. സുജോയ് അംഗത്വമെടുക്കാനായി നൽകിയ ഫോട്ടോയും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് കൃത്രിമ രേഖകളുണ്ടാക്കി 2014 മേയ് 29ന് 25 ലക്ഷം വായ്പയെടുത്തു. ഇത് 2016 മാർച്ച് 26ന് അടച്ചുതീർത്ത് അതേദിവസം 50 ലക്ഷവും പിന്നീട് 2017ലും 2018ലും വായ്പകൾ പുതുക്കി 50 ലക്ഷം വീതവും എടുക്കുകയായിരുന്നു. തനിക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയെന്നും വിശ്വാസ വഞ്ചന കാട്ടിയെന്നുമാണ് സുജോയിയുടെ പരാതി. ഇതുവരെ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 14 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ ക്രൈംബ്രാഞ്ചിന്റെ പല സംഘങ്ങളാണ് അന്വേഷിക്കുന്നത്. ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എല്ലാവരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നും വായ്പ തട്ടിപ്പിന് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന സംഘം പ്രവർത്തിച്ചെന്നുമാണ് അന്വേഷണ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയത്. ജാമ്യവസ്തുക്കളിൽ കൃത്രിമം കാണിച്ചും വിപണി മൂല്യം തെറ്റായി രേഖപ്പെടുത്തിയും, ബാങ്കിന്റെ സോഫ്‌ട്‌വെയറിലും ഹാർഡ് വെയറിലും കൃത്രിമം കാട്ടിയുമായിരുന്നു തട്ടിപ്പ്.