തൃശൂർ: ചിറ്റമൃതിൽ നിന്ന് ഉണ്ടാക്കിയ മൂന്നുലക്ഷം സംശമനീവടി ഗുളികകൾ കേരളത്തിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് ആയുഷ് മന്ത്രാലയം. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം വഴി മാത്രം ഒന്നര ലക്ഷത്തോളം ഗുളികകളാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്. തിരുവനന്തപുരത്ത് കേന്ദ്രം വഴിയും അത്രത്തോളം ഗുളികകൾ നൽകുന്നുണ്ട്. രാജ്യത്ത് 75 ലക്ഷം ഗുളികകളും വിതരണം ചെയ്യുന്നുണ്ട്.
രോഗപ്രതിരോധശക്തി കൂട്ടാനും ശരീരത്തിലെ വിഷാംശം നീക്കി രക്തം ശുദ്ധിയാക്കാനും കഴിയുമെന്ന് ആയുർവേദവിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകർക്കായി ആയുർരക്ഷാകിറ്റ് പുറത്തിറക്കിയിരുന്നു. ച്യവനപ്രാശം, സംശമനീവടി, അണുതൈലം തുടങ്ങിയ മരുന്നുകളടങ്ങിയതാണ് കിറ്റ്. കൊവിഡും മറ്റ് വൈറൽ രോഗങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ എന്ന നിലയിലാണ് കിറ്റ് നൽകുന്നത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്ക് ആയുർരക്ഷാകിറ്റുകളും സംശമനിവടിയും വിവിധ സംഘടകൾ വഴിവിതരണം ചെയ്യുന്നത്.
കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുർവേദ മരുന്നായ ആയുഷ് 64 ചെറുതുരുത്തിയിലെയും തിരുവനന്തപുരത്തെയും കേന്ദ്രങ്ങൾ വഴി വിതരണം ചെയ്തിരുന്നു. രോഗികൾക്ക് മരുന്നുകൾ നൽകിയ ശേഷം ഇവരെ നിരീക്ഷിച്ച മരുന്നിന്റെ ഗുണഫലങ്ങൾ രേഖപ്പെടുത്തിയിരുന്നു.
കൊവിഡ് പ്രതിരോധത്തിനും രോഗം ഗുരുതരമാകാതിരിക്കാനും ഈ മരുന്നുകൾ ഏറെ സഹായകരമായിട്ടുണ്ടെന്ന് ആയുഷ് മന്ത്രാലയത്തിന്റെ പഠനങ്ങളിൽ വ്യക്തമായിരുന്നു. അതുകൊണ്ടാണ് മരുന്നുകളുടെ വിതരണം വ്യാപിപ്പിക്കുന്നതും.
- ഡോ. ഡി. സുധാകർ, ഡയറക്ടർ, ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം
സംശമനിവടിയുടെ സൗജന്യവിതരണം ഏറ്റെടുത്ത് ആയുർവേദമരുന്ന് നിർമ്മാതാക്കളുടെ സംഘടനയായ ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയും. ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ഡി. സുധാകർ, കെ.പി. നമ്പൂതിരീസ് ആയുർവേദിക്‌സിന്റെ ഡയറക്ടർ നാരായണൻ ഉണ്ണിക്ക് മരുന്ന് കൈമാറി. ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ, ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം റിസർച്ച് ഓഫീസർ ഡോ. പി.പി. പ്രദീപ് കുമാർ, ജോയിച്ചൻ എരിഞ്ഞേരി തുടങ്ങിയവർ പങ്കെടുത്തു.