കുന്നംകുളം: കെ.റെയിൽ പദ്ധതിയെക്കുറിച്ച് കുന്നംകുളം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ 26 രാവിലെ 10.30ന് കുന്നംകുളം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംവാദം സംഘടിപ്പിക്കും. കുന്നംകുളം പ്രസ്‌ക്ലബിന്റെ പ്രവർത്തന പരിധിയിലുൾപ്പെടുന്ന ചൂണ്ടൽ പഞ്ചായത്ത് മുതൽ കടവല്ലൂർ പഞ്ചായത്ത് വരെയുള്ള വിവിധ പ്രദേശങ്ങളിലൂടെയാണ് കെ. റെയിൽ കടന്നുപോകുന്നത്. ഇതു സംബന്ധിച്ച വിവാദങ്ങളും പ്രതിഷേധങ്ങളുമുണ്ടായ സാഹചര്യത്തിലാണ് സംവാദം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് സി.എഫ്. ബെന്നി, സെക്രട്ടറി ജോസ് മാളിയേക്കൽ, ട്രഷറർ രവീന്ദ്രനാഥ് കൂനത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംവാദം മുൻ എം.പിയും നിയമ വിദഗ്ദ്ധനുമായ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കേരള കലാമണ്ഡലം നിർവാഹക സമിതി അംഗവുമായ ടി.കെ. വാസു, കെ.പി.സി.സി സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സി.സി. ശ്രീകുമാർ, ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ തുടങ്ങിയവർ പങ്കെടുക്കും.