പാവറട്ടി: പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുന്ന കൈപ്പറമ്പ്-പറപ്പൂർ റോഡിലെ തോളൂർ സെന്ററിൽ റോഡിലേയ്ക്ക് തള്ളി നിൽക്കുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമറും വൈദ്യുതിക്കാലുകളും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമികൾ അളന്നു തിട്ടപ്പെടുത്തി വശങ്ങളിൽ കാന നിർമ്മാണം നടന്നു വരികയാണ്. റോഡ് വീതി കൂട്ടുമ്പോൾ തോളൂർ സെന്ററിൽ റോഡിലേയ്ക്ക് തള്ളി നിൽക്കുന്ന ട്രാൻസ്‌ഫോർമറും വൈദ്യുതിക്കാലുകളും മാറ്റി സ്ഥാപിക്കാതെ ഇവ നിലനിറുത്തികൊണ്ടുള്ള വികസന പ്രവർത്തനത്തിനെതിരെയാണ് ജനരോഷം ഉയരുന്നത്. ഇത് വലിയ റോഡ് അപകടങ്ങൾക്ക് കാരണമാകും എന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. തോളൂർ സെന്ററിൽ നിന്നു പിഷാരിയേക്കൽ അമ്പലത്തിലേയ്ക്കും തോളൂർ പള്ളിയിലേയ്ക്കും ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരിഞ്ഞുപോകുന്നതിനും തടസമായുള്ള ട്രാൻസ്‌ഫോർമറും വൈദ്യുതിക്കാലുകളും മാറ്റി സ്ഥാപിച്ചു കൊണ്ടു വേണം റോഡ് വികസന പ്രവർത്തനങ്ങൾ തുടരേണ്ടതെന്ന് ചൂണ്ടിക്കാട്ടി പി.ഡബ്ല്യു.ഡി അധികാരികൾക്ക് അപേക്ഷ നൽകിയിരിക്കുകയാണ് നാട്ടുകാർ. തോളൂർ സെന്ററിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാൻ അധികാരികൾ ഇടപെടണമെന്ന് തോളൂർ ജനകീയവേദി ഭാരവാഹികളായ സന്തോഷ്‌കുമാർ പുളിഞ്ചേരി, അജിൽ തോളൂർ, നാരായണൻകുട്ടി, ലോയ്ഡ് തോളൂർ എന്നിവർ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ 200 ലക്ഷം രൂപ ചെലവഴിച്ചാണ് വികസന പദ്ധതി നടപ്പാക്കുന്നത്.