 
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നടക്കുന്ന പറപ്പുറപ്പാടും കൊടിയേറ്റവും ഉത്രാളിക്കാവിൽ നടന്നു. രാവിലെ കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ കോമരം പള്ളിയത്ത് മാധവൻ നായർ കൊടിയേറ്റ് നിർവഹിച്ചു. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, തായമ്പക എന്നിവയ്ക്കുശേഷം കോമരം പള്ളിയത്ത് മാധവൻ നായർ തുള്ളി കൽപ്പന നടത്തി. പറപുറപ്പെടാനുള്ള അനുവാദം ചോദിച്ചശേഷം പറ പുറപ്പെട്ടു. ശ്രീമൂലസ്ഥാനത്തെ ആദ്യപറ കോമരം കൈകൊണ്ടു. ഈ വർഷം വീടുകളിലെത്തി പറയെടുപ്പില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം ദിവസം വരെ ഉത്രാളിക്കാവിൽ പറ സമർപ്പിക്കാം. പൂരത്തിന്റെ പങ്കാളികളായ എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ ദേശക്കാർ പറപ്പാടിൽ പങ്കെടുത്തു.