കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സനായി ചുമതലയേറ്റ അംഗം
യു.ഡി.എഫ് മുന്നണി മാറി എൽ.ഡി.എഫിലെത്തി. ചെയർപേഴ്‌സണായി തിരഞ്ഞെടുത്ത രസ്മിയയാണ് സത്യപ്രതിജ്ഞക്ക് ശേഷം എൽ.ഡി.എഫ് ക്യാമ്പിലെത്തിയത്. ഇവർ നേരത്തെ എൽ.ഡി.എഫ് അംഗമായിരുന്നു. പിന്നീട് യു.ഡി.എഫിൽ എത്തുകയായിരുന്നു.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ 20 അംഗ കമ്മിറ്റിയിൽ 19 അംഗങ്ങളുടെ പിന്തുണയോടെയാണ് രസ്മിയ ചെയർപേഴ്സ്ണായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്‌സൺ സ്ഥാനം അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത് പാർട്ടിയിൽ ചില മുറുമുറുപ്പുകൾക്ക് വഴി തെളിക്കും. എന്നാൽ ചെയർപേഴ്‌സൺ സ്ഥാനം തിരിച്ചു കിട്ടിയത് എൽ.ഡി.എഫിന് നേട്ടം തന്നെയാണ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കെ.സി. ബിനൂപ് ചെയർപേഴ്‌സൺ സരിത കണ്ണന് സത്യവാചകം ചൊല്ലികൊടുത്തു. തുടർന്ന് മറ്റുള്ള അംഗങ്ങൾ സത്യവാചകം ചൊല്ലി ചുമതലയേറ്റു. എടത്തിരുത്തി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീദേവി ദിനേഷ്, വൈസ് ചെയർപേഴ്‌സൺ സുബൈദ അബ്ദുജബ്ബാർ എന്നിവരും ചുമതലയേറ്റു.