 
തൃശൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകൾ' എന്ന നോവലിന് അടൂർ ഗോപാലകൃഷ്ണൻ അതേപേരിൽ
ചലച്ചിത്രാവിഷ്‌കാരം നൽകിയപ്പോൾ, സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരപൂർവ്വ നായികാകഥാപാത്രം പിറന്നു, കെ.പി.എ.സി ലളിത! ഒരിക്കലും മുഖം കാണിക്കാതെ വശ്യമായ ശബ്ദം കൊണ്ടുമാത്രം സിനിമയിലുടനീളം ഒരു സ്ത്രീകഥാപാത്രം ശക്തമായി നിലകൊള്ളുന്നത് എങ്ങനെയെന്ന് കെ.പി.എ.സി ലളിത കാണിച്ചുതരികയായിരുന്നു.
ആ സിനിമ കണ്ടവർക്ക് നാരായണി എന്ന കഥാപാത്രത്തിൻ്റെ ഈ സംഭാഷണം വായിക്കുമ്പോൾ ആ ശബ്ദസൗന്ദര്യത്തിന്റെ അനുഭൂതി ഇപ്പോഴും തിരതല്ലും.
നാരായണി: എന്നെ ഓർക്കുമോ?''
ബഷീർ: ''ഓർക്കും.''
അവൾ: ''എങ്ങനെ? എന്റെ ദൈവമേ, അങ്ങെന്നെ എങ്ങനെ ഓർക്കും? അങ്ങെന്നെ കണ്ടിട്ടില്ല. തൊട്ടിട്ടില്ല. എങ്ങനെ ഓർക്കും?''
ബഷീർ: ''നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.''
അവൾ: ''ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?''
ബഷീർ: ''നാരായണീ, മുഖസ്തുതിയല്ല. പരമസത്യം. മതിലുകൾ! മതിലുകൾ! നോക്കൂ ഈ മതിലുകൾ ലോകം മുഴുവൻ ചുറ്റി പോകുന്നു.''
അവൾ: ''ഞാനൊന്നു പൊട്ടിക്കരയട്ടേ?''
ബഷീർ: ''ഇപ്പോൾ വേണ്ട. ഓർത്ത് രാത്രി കരഞ്ഞോളൂ.''
മലയാളസിനിമയിൽ അതിനുമുൻപും ശേഷവും അങ്ങനെയൊരു കഥാപാത്രസൃഷ്ടി ഉണ്ടായിട്ടില്ലെന്ന് പറയാം. നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകുവാനായി കെ.പി.എ.സി ലളിത എന്ന നടിയെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരഞ്ഞെടുത്തത് എല്ലാവർക്കും പരിചിതമായ ആ സുന്ദരശബ്ദം കൊണ്ടുതന്നെയായിരിക്കണം. പക്ഷേ, മലയാളികൾ അല്ലാത്ത ലോകമെങ്ങുമുള്ള പ്രേക്ഷകരും നാരായണിയെ ഹൃദയത്തോടു ചേർത്തു. അപരിചിതമാണെങ്കിലും ആ ശബ്ദം സൃഷ്ടിച്ച മാസ്മരികതയാവാം വിദേശപ്രേക്ഷകരെയും ആകർഷിച്ചത്. അവർ നാരായണിയുടെ ശബ്ദം പൂർണ്ണമാക്കിയത് ഭാവന കൊണ്ടായിരുന്നു. അതുകൊണ്ടു തന്നെ കെ.പി.എ.സി. ലളിത സമ്മാനിച്ച ശബ്ദാനുഭവം വ്യത്യസ്തവും തീവ്രവുമായി. സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച 'ബഷീർ' എന്ന കഥാപാത്രമായിരുന്നു ജയിലിൽ മതിലിനപ്പുറത്തുള്ള കെ.പി.എ.സി ലളിതയുടെ 'നാരായണി' എന്ന കഥാപാത്രത്തോട് സല്ലപിച്ചിരുന്നത്.
നാരായണിയുടെ പ്രണയാർദ്രമായ വാക്കുകളിൽ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള മോഹങ്ങളും തടവിൽ കഴിയുന്നതിന്റെ സങ്കടങ്ങളും ഇഴചേരുന്ന സ്ത്രീയുടെ വൈകാരിക ഭാവങ്ങളുണ്ടായിരുന്നു. അത് ഫലിപ്പിക്കാൻ കെ.പി.എ.സി ലളിതയുടെ ശബ്ദത്തിലൂടെയല്ലാതെ കഴിയില്ലെന്ന് ആസ്വാദകർ തിരിച്ചറിഞ്ഞു. നായികയുടെ വികാരം ശബ്ദം കൊണ്ട് മാത്രം മനസിലാക്കി കൊടുക്കാൻ ലളിതയല്ലാതെ മറ്റൊരു നടിയുണ്ടായില്ലെന്ന് സിനിമാ നിരൂപകരും വാഴ്ത്തി. കലാമൂല്യം തുടിച്ചു നിന്ന ആ സിനിമയിൽ സാധാരണ പ്രേക്ഷകൻ്റെ സ്വീകാര്യത നേടിയെടുക്കാൻ ലളിതയുടെ ശബ്ദം ഒരുപാടു സഹായകമായി. അതെ, മതിലുകൾ കണ്ടവരിൽ ആ അദൃശ്യകാമുകിയുടെ സ്വരം ഓളം വെട്ടിക്കൊണ്ടേയിരിക്കുകയാണ്...