'എനിക്കും നാടകത്തിൽ അഭിനയിക്കണം. നമുക്കഭിനയിക്കാം. ഇല്ലേ അച്ഛാ...' പതിനാലുകാരി ലളിത അച്ഛനോട് പറഞ്ഞ വാക്കുകളാണിത്. ഏതെങ്കിലും കലാസമിതിയിൽ ഏതെങ്കിലും വേഷമല്ല, മറിച്ച് കെ.പി.എ.സിയിൽ ചേരുകയായിരുന്നു ജീവിതാഭിലാഷമെന്ന് ആത്മകഥയിൽ (കഥ തുടരും) കെ.പി.എ.സി ലളിത വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്നമല്ല, മോഹമായിരുന്നു അത്.
സ്വപ്നം ആകാശത്തിലും മോഹം ഭൂമിയിലുമാണെന്ന് അവരുടെ വാക്കുകൾ. ഓർമ്മ വച്ചത് മുതൽ ലളിത കേട്ട, പേരാണ് കെ.പി.എ.സി. അച്ഛൻ അനന്തൻ പിള്ളയുടെ രാഷ്ട്രീയത്തോട് ബന്ധമുള്ള പ്രസ്ഥാനത്തിൽ ഭാഗമാകണമെന്ന മോഹം കലശലായി. അതിനായി അവർ കണ്ണീർ കുടിച്ചു. കെ.പി.എ.സിയുടെ സഹോദര കലാസമിതിയെന്ന നിലയിൽ കരുനാഗപ്പള്ളിയിൽ തുടങ്ങിയ 'പ്രതിഭ'യുടെ കാക്കപ്പൊന്നിൽ അവസരം കിട്ടിയിട്ടും ചങ്ങനാശേരി ഗീഥായുമായുള്ള കരാർ തടസമായപ്പോഴാണ് കരയേണ്ടി വന്നത്. പ്രതിഭയിലൂടെ കെ.പി.എ.സിയിലെത്തുക എളുപ്പമായിരുന്നു. അഭിനയിക്കാനായി ലളിതയെ ക്ഷണിച്ചതാവട്ടെ ശങ്കരാടിയും എസ്.എൽ പുരം സദാനന്ദനും.
പ്രതിഭയിൽ ചേരാൻ അച്ഛൻ സമ്മതിച്ചില്ല. ഗീഥായുമായി ഒരു വർഷത്തെ കരാറുണ്ടാക്കി 2000 രൂപ മുൻകൂർ കൈപ്പറ്റിയിരുന്നു. തിരിച്ചു കൊടുക്കാൻ പണമില്ല. ശങ്കരാടിയും എസ്.എൽ പുരവും തിരികെ പോയി. കുറച്ച് കാലത്തിന് ശേഷം പ്രതിഭയുടെ റിഹേഴ്‌സൽ ക്യാമ്പിൽ ചെല്ലാൻ ക്ഷണം വന്നു. പലരുടെയും നിർബന്ധത്തിന് വഴങ്ങി അനന്തൻ പിള്ള മകളെയും കൊണ്ട് അവിടെയെത്തി. പ്രതിഭയിലെ അന്തരീക്ഷം ലളിതയ്ക്ക് ഏറെ ഇഷ്ടമായി. നൃത്തം ചിട്ടപ്പെടുത്തുന്നത് മദിരാശിയിലെ തങ്കപ്പൻ മാസ്റ്റർ, സംഗീതം ദേവരാജൻ, ഗാനങ്ങൾ ഒ.എൻ.വി. കോട്ടയം ചെല്ലപ്പൻ, ശങ്കരാടി, പറവൂർ ഭരതൻ, വഞ്ചിയൂർ രാധ, അസീസ് തുടങ്ങിയവർ അഭിനേതാക്കൾ. സിനിമയിലേക്ക് കടന്നു ചെല്ലുന്നതുപോലുള്ള അനുഭവം ലളിതയ്ക്കുണ്ടായി. രണ്ടു ദിവസം ക്യാമ്പിൽ കഴിഞ്ഞു. അപ്പോഴാണ് ഗീഥാ ഭാരവാഹികൾ കരാർ പാലിക്കണമെന്ന ആവശ്യവുമായി വന്നത്. അവരുടെ 'ബലി'ക്ക് ആറ് ബുക്കിംഗ് വന്നിരുന്നു. തന്നെ എങ്ങനെയെങ്കിലും പ്രതിഭയിൽ പിടിച്ചു നിറുത്തണമെന്ന് എസ്.എൽ പുരത്തിനോട് ലളിത കേണപേക്ഷിച്ചു. ഗീഥായുമായി കരാറുള്ളതിനാൽ അദ്ദേഹം നിസ്സഹായനായിരുന്നു. അങ്ങനെ തിരിച്ച് വന്നു.
വിഷമം കാരണം വീടെത്തുവോളം കരഞ്ഞു. വല്ലതും കഴിക്കാൻ അമ്മ പറഞ്ഞപ്പോൾ 'എനിക്ക് കരഞ്ഞാൽ മതി'യെന്നായിരുന്നു ലളിതയുടെ മറുപടി. അങ്ങനെയിരിക്കെ പ്രതിഭയിലേക്ക് വീണ്ടും വിളിക്കുന്നുവെന്ന വിവരവുമായി തബലിസ്റ്റ് ബഷീർ വന്നു. അതോടെ ആനന്ദക്കണ്ണീരായി. ആ സംഭവത്തെക്കുറിച്ച് ലളിത പറഞ്ഞിരുന്നത് ഇങ്ങനെയാണ്. 'അന്നാണ് ഞാൻ ഗുരുവായൂരപ്പനെ ഏറ്റവും കൂടുതൽ വിശ്വസിച്ചത്. ഞാൻ ഗുരുവായൂരപ്പനെയോ അമ്പലമോ കണ്ടിട്ടില്ല. എന്നാലെന്തോ, എനിക്ക് അങ്ങേരെ ഭയങ്കര വിശ്വാസമായിരുന്നു. എന്നെ കൈവിടില്ലെന്ന തോന്നൽ എങ്ങനെയോ ഉണ്ടായി. ഞാൻ കരഞ്ഞുവിളിച്ചത് മുഴുവൻ ഗുരുവായൂരപ്പനെയായിരുന്നു'.