 
കൊല്ലത്തെ ഗംഗാധരൻ മാസ്റ്ററുടെ നൃത്തസംഘത്തിലൂടെയാണ്, ചങ്ങനാശേരിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ലളിത നാടകത്തിലെത്തിയത്. പഠിത്തവും നൃത്തവുമായി കൊല്ലത്ത് കഴിഞ്ഞു. മാസ്റ്ററുടെ സംഘത്തിലെ നൃത്തക്കാരികൾ മാറി. പലരും അധികം നിന്നില്ല. അങ്ങനെ ലളിത പ്രധാന നർത്തകിയായി. ചങ്ങമ്പുഴയുടെ കാവ്യനർത്തകിയും രമണനുമൊക്കെയായിരുന്നു അന്നത്തെ നൃത്തനാടകങ്ങൾ. കടപ്പാക്കട ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ഉദ്ഘാടന നാടകത്തിലാണ് നായികയായതും ആദ്യമായി അഭിനയിച്ചതും.
ലളിതയുടെ അച്ഛൻ അനന്തൻപിള്ള ചങ്ങനാശേരി രവി സ്റ്റുഡിയോയിൽ ജോലിക്കാരനായിരുന്നു. ചങ്ങനാശ്ശേരി ഗീഥാ ആർട്‌സ് ക്ലബിന്റെ റിഹേഴ്‌സൽ ക്യാമ്പ് അതിന് മുകളിലായിരുന്നു. അച്ഛനെ കാണാൻ പോകുമ്പോൾ അവിടുത്തെ അഭിനേതാക്കൾ ലളിതയെ കാണുമായിരുന്നു. നർത്തകിയാണെന്നും അഭിനയിക്കുമെന്നും അവർക്ക് അറിയാം.
കൊല്ലത്തെ ആദ്യനാടകത്തോടെ ലളിതയ്ക്ക് നാടകാഭിനയം ഇഷ്ടമായി. തനിക്കും അഭിനയിക്കണമെന്ന് അച്ഛനോട് ലളിത വാശിപിടിക്കാൻ തുടങ്ങിയ കാലത്താണ് ഗീഥായുടെ ഉടമസ്ഥൻ ചാച്ചപ്പൻ ലളിതയെ അഭിനയിപ്പിക്കണമെന്ന് അവരുടെ അച്ഛനോട് അഭ്യർത്ഥിച്ചത്. അങ്ങനെ ടാഗോറിന്റെ 'ബലി'യിൽ നൃത്തരംഗം അഭിനയിച്ചു. കലാമണ്ഡലത്തിലെ ഭരതനാട്യം അദ്ധ്യാപകനായിരുന്ന തഞ്ചാവൂർ ഭാസ്‌കരൻമാഷായിരുന്നു നൃത്തം ചിട്ടപ്പെടുത്തിയത്. ബലിയ്ക്കു ശേഷം പി.ജെ ആന്റണിയുടെ മാതൃഭൂമിയിൽ അഭിനയിച്ചു. നർത്തകിയായതു കൊണ്ടാണ്, പ്രധാന കഥാപാത്രം നർത്തകിയായ ആ നാടകത്തിൽ അവസരം ലഭിച്ചത്. നൃത്തത്തോടൊപ്പം കുറച്ച് ഡയലോഗുകളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് നാടകത്തിലും സിനിമാ, സീരിയലുകളിലും തിളങ്ങിയ കെ.പി.എ.സി ലളിതയെയാണ് മലയാളികൾ കണ്ടത്.