
തൃശൂർ: കൂട്ടുകുടുംബം സിനിമയുടെ ആദ്യപ്രദർശനം നടക്കുന്നു, കോട്ടയത്ത് ആനന്ദ് തിയേറ്ററിൽ. അന്ന് മഹേശ്വരിയുടെ കുടുംബവും ചങ്ങനാശ്ശേരിയിലാണ് താമസം. ടാക്‌സി വിളിച്ച് കോട്ടയത്ത് പോയാണ് ആ സിനിമ കണ്ടത്. സിനിമയുടെ ടൈറ്റിലിൽ 'ഞങ്ങൾ അവതരിപ്പിക്കുന്ന പുതുമുഖം കെ.പി.എ.സി ലളിത' എന്നു കണ്ടപ്പോൾ മഹേശ്വരിക്ക് ആശ്ചര്യമായി.
ആ മഹേശ്വരിയാണ് അരനൂറ്റാണ്ടോളം അഭിനയകലയുടെ അമരത്തിലേറി കടന്നുപോയ കെ.പി.എ.സി ലളിത!
ഗവ.ഗേൾസ് സ്‌കൂൾ രാമപുരം, ചങ്ങനാശ്ശേരി വാര്യത്ത് സ്‌കൂൾ, പുഴവാത് സർക്കാർ സ്‌കൂൾ എന്നിവിടങ്ങളിൽ പഠിക്കുമ്പോഴും നൃത്തത്തിലായിരുന്നു മഹേശ്വരിക്ക് കമ്പം. നൃത്താവതരണങ്ങളിലൂടെ യൂത്ത്‌ഫെസ്റ്റിവലുകളിലെ താരമായി. ഇന്ത്യൻ ഡാൻസ് അക്കാഡമിയിൽ ഡാൻസ് പഠിക്കാൻ ചേർന്നത് വഴിത്തിരിവായി. മൂന്നു വർഷത്തോളം അവിടെ പഠിച്ചു. ചങ്ങനാശ്ശേരി ഗീതാ ആർട്‌സ് ക്ലബ്ബിന്റെ നാടകത്തിൽ നൃത്തം അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം.
ബലിയെന്ന ടാഗോറിന്റെ നാടകത്തിൽ കൊട്ടാരനർത്തകിയായി വേഷമിട്ടു. നൃത്തത്തിന് പ്രാധാന്യമുള്ള രണ്ട് നാടകം കൂടി ചെയ്തു. പിന്നീട് എസ്.എൽ. പുരം സദാനന്ദന്റെ പ്രതിഭാ ആർട്‌സിൽ കാക്കപ്പുള്ളിയെന്ന നാടകത്തിൽ അഭിനയിച്ചു. ഏതാണ്ട് 75ഓളം സ്റ്റേജുകളിൽ അത് കളിച്ചു. ശങ്കരാടി, കോട്ടയം ചെല്ലപ്പൻ, വഞ്ചിയൂർ രാധ എന്നിവരെല്ലാമായിരുന്നു നാടകത്തിൽ ഒപ്പമുണ്ടായിരുന്നത്. അവർക്കെല്ലാം സിനിമയിൽ തിരക്കായതോടെ ആ നാടകം പിന്നീട് സ്റ്റേജ് ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെയാണ് കെ.പി.എ.സിയിൽ ചേരുന്നത്. തോപ്പിൽഭാസി സജീവമായി നിന്നിരുന്ന കാലത്താണത്. പിന്നീട് സിനിമയിൽ തിരക്കുള്ള നടിയായി ലളിത വളർന്നു.