
എന്റെ ജോഡിയായി അഭിനയിക്കാൻ തുടങ്ങിയ ശേഷം സിനിമയിൽ ലളിതയ്ക്ക് ഭർത്താവുണ്ടെങ്കിൽ അത് ഞാനായിരിക്കും. ലളിതയുമൊത്തുള്ള രംഗങ്ങളിലെ ചില സങ്കടങ്ങളും പിണക്കങ്ങളും കാണുമ്പോൾ എന്റെ ഭാര്യ ആലീസ് ചോദിക്കും, ആ പിണക്കം പോലെയല്ലേ നിങ്ങൾ എന്നോടും കാണിക്കുന്നതെന്ന്. അപ്പോൾ ഞാൻ പറയും അതാണ് അഭിനയമെന്ന്. അതങ്ങനെ അഭിനയിക്കുന്നതാണ് ആളുകൾക്ക് ഇഷ്ടം. കൂടെയുള്ളവർ നന്നായി അഭിനയിച്ചാലേ സീൻ നന്നാവൂ. ഒന്നിച്ചുള്ള സീനുകൾക്ക് മുമ്പ് ഞങ്ങൾ ചർച്ച നടത്തുമായിരുന്നു.
കെ.പി.എ.സി ലളിതയെപ്പറ്റി പറയുമ്പോൾ ഗോഡ്ഫാദറിലെ കൊച്ചമ്മിണിയെയാണ് ആദ്യം ഓർമ്മ വരുന്നത്. ഞങ്ങൾ ജോഡിയായി അഭിനയിച്ച ആ സിനിമയിൽ കൊച്ചമ്മിണിയെ അറിയില്ലെന്ന് ഞാൻ പറയുന്ന രംഗമുണ്ട്. അപ്പോൾ കുട്ടികളെ കിണറ്റിലെറിയാൻ പോകുന്ന സീൻ അഭിനയിച്ച് അവർ കരയുകയും കിതയ്ക്കുകയും ചെയ്തു. അതുപോലെ അവരെ ഞാൻ കിതച്ചു കണ്ടിട്ടില്ല. അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു ലളിത.
കൊച്ചമ്മിണിയെന്ന കഥാപാത്രത്തിനായി ലളിതയെ നിർദ്ദേശിച്ചത് ഞാനാണ്. അനിയത്തിപ്രാവിൽ 'ഇവളെയാണോ നിനക്ക് വേണ്ടത്, എങ്കിൽ കൊണ്ടുപൊയ്‌ക്കോ' എന്നു പറഞ്ഞ് ശാലിനിയെ വിട്ടുകൊടുക്കുന്ന രംഗം കാണുന്നവർക്ക് തോന്നും 'ഇതാണ് ജീവിത'മെന്ന്. മനസ്സിനക്കരെയിൽ പലഹാരങ്ങളുമായി വരുന്ന നാടൻ കഥാപാത്രത്തിന്റേതുപോലെ മറക്കാനാവാത്ത ഒട്ടേറെ അഭിനയമുഹൂർത്തങ്ങൾ അവർ സമ്മാനിച്ചു.
മണിച്ചിത്രത്താഴ്, ഗജകേസരിയോഗം, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങിയ സിനിമകളിലെ രംഗങ്ങളും അവിസ്മരണീയമാണ്. അഭിനയിക്കുമ്പോൾ അയൽപക്കത്തുള്ള ആരെയൊക്കെയോ അവരിൽ കാണാം. ലളിതയെപ്പോലൊരു നടി കന്നട, തമിഴ്, തെലുങ്ക് സിനിമകളിലില്ല. നാടകത്തിൽ നിന്ന് സിനിമയിൽ വന്ന് വിജയിച്ചവരിൽ ഒരാളാണ് ലളിത. മലയാള സിനിമ ഉള്ളിടത്തോളം ലളിത ഓർമ്മിക്കപ്പെടും.