തൃശൂർ: അന്ത്യനാളുകളിലെ ചികിത്സാവിവാദവും മുൻപുണ്ടായ നിയമസഭാ സ്ഥാർത്ഥിത്വവിവാദവും കെ.പി.എ.സി ലളിതയെയും കുടുംബത്തെയും ഏറെ വേദനപ്പിച്ചിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് കെ.പി.എ.സി ലളിതയ്ക്ക് സർക്കാർ ചികിത്സാസഹായം അനുവദിച്ചതാണ് വിവാദമായത്.
ചലച്ചിത്ര താരങ്ങൾക്ക് പണമില്ലേ എന്തിനാണ് സർക്കാർ സഹായമെന്നായിരുന്നു പലരുടെയും ചോദ്യം. ചികിത്സാവിവാദത്തിൽ നിലപാട് സംബന്ധിച്ച് പല രാഷ്ട്രീയപാർട്ടികളിലും ഭിന്നതയുണ്ടായി. സർക്കാർ നിലപാട് പ്രതിപക്ഷ പാർട്ടികളിലെ പലരും അംഗീകരിച്ചിരുന്നു. സർക്കാർ സഹായത്തെ അനുകൂലിച്ച് ആദ്യം രംഗത്തെത്തിയത് അന്തരിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസാണ്.
'സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുന്നവർ ഒരുവട്ടം കൂടി ആലോചിക്കണം. രാഷ്ട്രീയ നിലപാടുകളെ ബഹുമാനിക്കണം. സാമൂഹികമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട് ആക്ഷേപിക്കുന്നവർ ദുഃഖിക്കേണ്ടിവരും.' - അന്ന് പി.ടി പറഞ്ഞു. ഇതേത്തുടർന്ന് കോൺഗ്രസിലെ പ്രമുഖരും സർക്കാർ തീരുമാനം സ്വാഗതം ചെയ്തു. ബി.ജെ.പി നേതാവും എം.പിയുമായ സുരേഷ് ഗോപിയും സർക്കാർ തീരുമാനത്തിനൊപ്പമായിരുന്നു. ബി.ജെ.പി എതിർക്കുമ്പോഴായിരുന്നു സഹപ്രവർത്തകൻ കൂടിയായ സുരേഷ് ഗോപിയുടെ വ്യത്യസ്ത നിലപാട്.
സ്ഥാനാർത്ഥിത്വം മറ്റൊരു വിവാദം
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ കെ.പി.എ.സി ലളിതയെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചത് വിവാദമാകുകയായിരുന്നു. പതിറ്റാണ്ടുകളായി പാർട്ടിയെ സ്‌നേഹിച്ച ലളിതയുടെ മനസ് ഇതിൽ ഏറെ വേദനിച്ചു. പോസ്റ്റർ വരെ അച്ചടിച്ച് പ്രചാരണത്തിന് ഇറങ്ങാനിരിക്കെയാണ് ലളിതയെ മാറ്റി മേരി തോമസിനെ രംഗത്തിറക്കിയത്. ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വടക്കാഞ്ചേരിയിൽ പരാജയം രുചിച്ചു.