lalitha-

തൃശൂർ: എങ്കക്കാട് പാലിശ്ശേരി തറവാട്ടിലെ 'ഓർമ്മ'യിൽ അനശ്വര അഭിനേത്രിക്ക് അന്ത്യനിദ്ര. കലാജീവിതം മലയാളത്തിന് സമർപ്പിച്ച കെ.പി.എ.സി ലളിത ഇനി നിറവെളിച്ചമുള്ള ഓർമ്മ. വടക്കാഞ്ചേരിയിൽ എങ്കക്കാട്ടെ വീടായ 'ഓർമ്മ'യിലേക്ക് വൈകിട്ട് നാലോടെയാണ് ഭൗതികദേഹമെത്തിച്ചത്.

5.30 വരെ പൊതുദർശനത്തിനായി വച്ചു. നിറകണ്ണുകളോടെ ചലച്ചിത്രപ്രവർത്തകരും നാട്ടുകാരും ആരാധകരുമായി നൂറു കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. ആചാരപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മകൻ സിദ്ധാർത്ഥ് ചിതയ്ക്ക് അഗ്‌നി പകർന്നു. നടി കവിയൂർ പൊന്നമ്മ അടക്കമുള്ളവരും കുടുംബാംഗങ്ങളും മൃതദേഹത്തിൽ ചുവന്ന പട്ടുപുതപ്പിച്ചു. സംവിധായകൻ ജയരാജ്, നടന്മാരായ മണിയൻ പിള്ള രാജു, അലൻസിയർ, ഇടവേള ബാബു, ശ്രീമൂലനഗരം മോഹൻ, ഷോഗൺ രാജു, റാഫി മെക്കാർട്ടിൻ, ടിനി ടോം, നിഷാന്ത് സാഗർ, പ്രിയങ്ക, സീനത്ത്, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ തുടങ്ങിയവർ വീട്ടിൽ അന്തിമോപചാരമർപ്പിക്കാനെത്തി. സഹോദരങ്ങളായ ബാബു, ശ്യാമള, ഭരതന്റെ ജ്യേഷ്ഠസഹോദരിമാരായ സരസ്വതിഅമ്മ, മാലതിഅമ്മ, ലളിതയുടെ മകൾ ശ്രീക്കുട്ടി എന്നിവരും നിറകണ്ണുകളോടെ അന്ത്യാഞ്ജലി അർപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ ചലച്ചിത്രതാരങ്ങളും മറ്റ് സിനിമാപ്രവർത്തകരും തൃപ്പൂണിത്തുറ പേട്ടയിലെ മകൻ സിദ്ധാർത്ഥിന്റെ വീട്ടിലും ലായം കൂത്തമ്പലത്തിലെ പൊതുദർശന വേദിയിലുമെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.