kpac


സത്യൻ അന്തിക്കാട്

രണ്ട് തവണ സിനിമയിൽ നിന്ന് മാറിപ്പോയിരുന്നു ലളിത ചേച്ചി. ഭരതേട്ടനെ കല്യാണം കഴിച്ചശേഷം സിനിമയിലേക്കില്ലെന്ന് പറഞ്ഞാണ് ഒരിക്കൽ പോയത്. ഭരതേട്ടനോട് നിരന്തരം പറഞ്ഞ്, നിർബന്ധത്തിന് വഴങ്ങിയാണ് `അടുത്തടുത്ത്' എന്ന എന്റെ സിനിമയിൽ അഭിനയിക്കാൻ ചേച്ചി തയ്യാറായത്. ഭരതേട്ടന്റെ വേർപാടുവരെ വളരെ സജീവമായിരുന്നു. അദ്ദേഹം ഈ ലോകം വിട്ടുപോയപ്പോൾ കാമറയെ അഭിമുഖീകരിക്കില്ലെന്ന് പറഞ്ഞ് വീണ്ടും അവർ പോയി. ഓർമ്മകളുമായി വീട്ടിൽ കഴിഞ്ഞുകൂടി.
'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ തിലകൻ ചേട്ടനും ലളിത ചേച്ചിയും അതിൽ വേണമെന്ന് നിശ്ചയിച്ചിരുന്നു. പക്ഷേ, ലളിത ചേച്ചിയെ എങ്ങനെ കിട്ടുമെന്നായിരുന്നു ചിന്ത. ശുപാർശ ചെയ്യിക്കാൻ ഭരതേട്ടനില്ലല്ലോ. ഒടുവിൽ ചേച്ചിയുടെ മക്കളായ സിദ്ധാർത്ഥനെയും ശ്രീക്കുട്ടിയെയും വിളിച്ച് കാര്യം പറഞ്ഞു. എന്റെ സിനിമയാണ്, വീട്ടിലേയ്ക്ക് വരുന്നതുപോലെ കരുതിയാൽ മതിയെന്ന് ഞാൻ ചേച്ചിയോട് പറഞ്ഞു. ഒരുപാട് നിർബന്ധിച്ചശേഷം ചേച്ചി അഭിനയിക്കാൻ തയ്യാറായി.

അങ്ങനെയാണ് ആ സിനിമയിൽ മേരിപ്പെണ്ണായി വന്ന് വീണ്ടും അഭിനയത്തിന്റെ അദ്ഭുതം ചേച്ചി കാഴ്ചവെച്ചത്. ഇപ്പോഴിതാ ലളിതചേച്ചി കടന്നുപോയിരിക്കുന്നു. ചേച്ചി എനിക്ക് നടിയല്ല. അമ്മയും ചേച്ചിയും കൂട്ടുകാരിയുമെല്ലാമാണ്. ലളിത ചേച്ചിയെ മാറ്റി നിറുത്തിയാൽ എന്റെ സിനിമാ ജീവിതത്തിൽ ഒന്നും ബാക്കിയുണ്ടാകില്ല. കൂടപ്പിറപ്പിനെപ്പോലെയാണ് എന്നെ കൊണ്ടുനടന്നത്. ചേച്ചി വന്നിരുന്നത് എന്റെ സിനിമയിലേക്കല്ല. വീട്ടിലേക്ക് തന്നെയാണ്. ചേച്ചിയെ ഞാനും ചേച്ചി എന്നെയും ചേർത്തുപിടിച്ചു;എന്നും എപ്പോഴും. എത്രയെത്ര സീനുകൾ, വേഷങ്ങൾ.... എല്ലാം ബാക്കിയാക്കി ചേച്ചി മടങ്ങി.