പാവറട്ടി: പെരുവല്ലൂരിൽ അനുസരണക്കേട് കാട്ടിയ ആന പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് സംഭവം. വടക്കുന്നാഥൻ ശിവൻ എന്ന ആനയാണ് അനുസരണക്കേട് കാട്ടിയത്. പൂച്ചക്കുന്ന് ഭാഗത്തുനിന്നാണ് ആന വന്നിരുന്നത്. പെരുവല്ലൂർ മൈത്രി കല്യാണമണ്ഡപത്തിന് സമീപത്തെത്തിയതോടെ ആന റോഡിലൂടെ ഓടി മുസ്ലിം പള്ളിക്ക് സമീപം നിന്നു. ഈ സമയം പെരുവല്ലൂർ ഗവ. യു.പി. സ്‌കൂൾ വിട്ട് വിദ്യാർത്ഥികൾ പുറത്തിറങ്ങാൻ നിൽക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ സ്‌കൂൾ ഗേറ്റ് പൂട്ടി വിദ്യാർത്ഥികളെ പുറത്ത് വിട്ടില്ല. ആന പിന്നെയും അവിടെ നിന്ന് ഓടി പെരുവല്ലൂർ ക്രിസ്ത്യൻ പള്ളിക്ക് സമിപമെത്തി. പിന്നീട് തിരിച്ചോടുകയും ചെയ്തു. ഒരാൾ മാത്രമാണ് ആനപ്പുറത്തുണ്ടായിരുന്നത്. ബൈക്കിൽ പുറകെയെത്തിയ പാപ്പാൻമാർ ആനയെ അനുനയിപ്പിച്ച് പള്ളിപ്പറമ്പിലേക്ക് കയറ്റി തളയ്ക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം ആന റോഡിൽ ഭീതി പരത്തി. വാഹന ഗതാഗതം തടസപ്പെട്ടു. വാഹനത്തിന്റെ ഹോൺ ശബ്ദംകേട്ട് പേടിച്ചാണ് ആന ഓടിയതെന്ന് പാപ്പാന്മാർ പറഞ്ഞു. ഫോാറസ്റ്റ്, പൊലീസ് അധികൃതർ സ്ഥലത്തെത്തി.