തൃശൂർ: 'എനിക്ക് കരഞ്ഞാൽ മതി'യെന്ന് കെ.പി.എ.സി ലളിത ഒരിക്കൽ തന്റെ അമ്മയോട് പറഞ്ഞിരുന്നു. 14 വയസുള്ളപ്പോൾ. കരുനാഗപ്പള്ളി 'പ്രതിഭ' യുടെ കാക്കപ്പൊന്ന് നാടകത്തിൽ അഭിനയിക്കാൻ കഴിയാതിരുന്നപ്പോളായിരുന്നു അത്.
ചങ്ങനാശ്ശേരി ഗീഥയുമായി ഉണ്ടാക്കിയിരുന്ന കരാറാണ് തടസമായത്. അന്നു പറഞ്ഞ വാക്ക് അറം പറ്റിയതു പോലെയായി. ജീവിതത്തിൽ പലവിധ പ്രതിസന്ധികളും ദുഃഖവും അവരെ പിന്തുടർന്നു.
ഭരതന്റെ അസുഖങ്ങളും അലസജീവിതവും ദുഃഖം സമ്മാനിച്ചു. സാമ്പത്തികപ്രശ്‌നം എന്നും അലട്ടിയിരുന്നു. കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിച്ചും പ്രവർത്തിച്ചും സ്വയം മറന്നു. ദുഃഖ കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഊളിയിടാൻ സ്വന്തം ദുഃഖം സഹായകമായി. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അനന്യമായ തനിമ പ്രകടമാക്കി.
തനത് ശരീരഭാഷ
കഥാപാത്രങ്ങളുടെ വൈപുല്യത്തിനും വൈജാത്യത്തിനും അനുസരിച്ച് ശരീരഭാഷ വ്യത്യാസപ്പെടുത്താൻ കഴിവുള്ള അപൂർവം പേരിൽ ഒരാളാണ് കെ.പി.എ.സി. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ഇന്നസെന്റ് തുടങ്ങിയവരും ഈ ഗണത്തിൽപെടും. ഗോഡ് ഫാദറിലെ കൊച്ചമ്മിണി പ്രധാന കഥാപാത്രം അല്ലാതിരുന്നിട്ടും അഭിനയം കൊണ്ട് അനശ്വരമാക്കിയത് ഉദാഹരണം. തന്റെ സിനിമകളിലെ നടീനടന്മാരുടേ പേര് പ്രഖ്യാപിക്കുമ്പോൾ, സത്യൻ അന്തിക്കാട് കരാർ ഒപ്പിടാതെ പറയാറുള്ള പേരുകളിലൊന്ന് കെ.പി.എ.സിയുടേതാണ്. അദ്ദേഹത്തിന്റെ വിലയിരുത്തലിൽ പകരം വയ്ക്കാനില്ലാത്ത നടിയാണ് ലളിത.
മതിലുകൾ നാടകത്തിൽ
സ്വരലയയുടെ ആദ്യ നാടകമായ മതിലുകളിൽ ആദ്യത്തെ അഞ്ചു സ്റ്റേജുകളിൽ കെ.പി.എ.സി അഭിനയിച്ചു. 50 സ്റ്റേജ് കളിച്ച നാടകമാണിത്. എല്ലായിടത്തും എത്താൻ കഴിയാത്തതിനാൽ സജിത മഠത്തിൽ ആണ് പിന്നീട് അഭിനയിച്ചതെന്ന് സെക്രട്ടറി ടി.ആർ അജയൻ പറഞ്ഞു.