 
തൃശൂർ: 'ശാന്തം സിനിമയെ കുറിച്ചും ചേച്ചിയെ കുറിച്ചും ഓർക്കുമ്പോൾ കാമറയ്ക്ക് പിന്നിലെ ചിരിയും തമാശപറച്ചിലുമാണ് ആദ്യം മനസിൽ വരിക. കളിചിരികളുമായി സെറ്റിലിരുന്ന് സൊറ പറയുമ്പോഴും ആക്ഷൻ എന്ന സംവിധായകന്റെ ശബ്ദം കേൾക്കുമ്പോൾ കണ്ണീരണിഞ്ഞ നാരായണിയായി ലളിതേച്ചി മാറും.
അഭിനയം തീരെ പരിചയമില്ലാത്ത കാലത്താണ് ശാന്തത്തിൽ ഒരു വേഷം ചെയ്യാമോയെന്ന് ചോദിച്ച് ജയരാജേട്ടൻ വിളിച്ചത്. സെറ്റിലെത്തുമ്പോഴും ഷൂട്ടിംഗിനിടയിലും ഒക്കെ ഭയങ്കര പേടി. അപ്പോൾ, ലളിതേച്ചിയാണ്.. ഇതൊന്നും കുഴപ്പമില്ല വിജയാ, നിന്റെ പണി പന്തുകളിയല്ലേ, അഭിനയമൊന്നും അല്ലല്ലോ?. അതൊക്കെ ശരിയാവും എന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നത്.' മലയാളത്തിന്റെ കറുത്തമുത്ത് ഐ.എം.വിജയൻ പറയുന്നു.
പി.സുരേഷ്‌കുമാറിന്റെ കഥയ്ക്ക് മാടമ്പ് കുഞ്ഞുകുട്ടൻ തിരക്കഥയും സംഭാഷണവും ഒരുക്കി ജയരാജ് സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ശാന്തത്തിലൂടെയായിരുന്നു ഫുട്ബാൾ താരമായ വിജയൻ സിനിമാലോകത്തേക്കെത്തിയത്. ഈ ചിത്രത്തിൽ നാരായണി എന്ന അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച ലളിതയ്ക്ക് സഹനടിക്കുള്ള രണ്ടാമത് ദേശീയ അവാർഡും ലഭിച്ചു. ശാന്തത്തിന് ശേഷം തിമിര്, അസുരവിത്ത്, ബാച്ചിലർ പാർട്ടി, ക്വട്ടേഷൻ, ശ്യാമം, മഹാസമുദ്രം, കിസാൻ, ഗേതു, അകാശത്തിലെ പറവകൾ, കൊമ്പൻ, ഗ്രേറ്റ് ഫാദർ, മട്ടാഞ്ചേരി, ബെൻ ജോൺസൺ, എബ്രഹാമിന്റെ സന്തതികൾ, പൊറിഞ്ചു മറിയം ജോസ്, ബിജിൽ, മഡ്ഡി എന്നീ ഒരുപിടി ചിത്രങ്ങളിൽ വിജയൻ വേഷമിട്ടിരുന്നു. നിലമ്പൂർ ആയിരുന്നിട്ടും വിയോഗമറിഞ്ഞ് രാത്രി തന്നെ തൃശൂരിലെത്തി. സംഗീത നാടക അക്കാഡമിയിലെത്തി പ്രണാമം അർപ്പിച്ചു.
ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ലളിതേച്ചിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത്. പിന്നീട് ഒരുപാട് സിനിമകളിൽ, കാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴും ചേച്ചി തന്ന ധൈര്യം മാത്രമായിരുന്നു കൈമുതൽ. മലയാള സിനിമയ്ക്ക് മാത്രമല്ല, എനിക്കും നികത്താനാകാത്ത നഷ്ടം.'
ഐ.എം. വിജയൻ