ചാലക്കുടി: ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോ-ഓർഡിനേഷൻ ട്രസ്റ്റ്, കൃപ ബോൺ ഇൻഡസ്ട്രീസ് എന്നിവയുടെ സംയുക്താമുഖ്യത്തിൽ വിഷുഈസ്റ്ററിന് ഒരു കൂട പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചു. നാൽപതോളം റസിഡൻസ് അസോസിയേഷനുകളിലെ 500 കൃഷിയിടങ്ങളിൽ വിഷരഹിത പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിക്കുന്നതാണ് പദ്ധതി. നിർമ്മാണം മൂന്ന് ഘട്ടങ്ങളിലായിരിക്കും. ആറ് മാസത്തിനകം നഗരസഭാ പരിധിയിൽ അയ്യായിരത്തോളം ജൈവ പച്ചക്കറിത്തോട്ടം നിർമ്മിക്കും. തയ്യാറായി വരുന്ന വ്യക്തികൾക്കും ഗ്രൂപ്പിനും വിത്ത്, വളങ്ങൾ, ജൈവ കീടനാശിനി എന്നിവ സൗജന്യമായി നൽകും, സാങ്കേതിക സഹായവും നൽകും. പദ്ധതിയുടെ ഉദ്ഘാടനം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് പോൾ പാറയിൽ അദ്ധ്യക്ഷനായി സെക്രട്ടറി പി.ഡി. ദിനേശ്, കൃപ ബോൺ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ വേണു അനിരുദ്ധൻ പദ്ധതി വിശദീകരിച്ചു. ജോയിൻ സെക്രട്ടറി ലൂവീസ് മേലേപ്പുറം സംസാരിച്ചു.