 
ഹൃദയത്തിൽ എന്നും കേരളകൗമുദിക്ക് സ്ഥാനം
വടക്കാഞ്ചേരി: വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന കെ.പി.എ.സി ലളിത, തിരക്കിനിടയിലും പത്രങ്ങൾക്കും പുസ്തകങ്ങൾക്കൊപ്പമായിരുന്നു. ലൊക്കേഷനുകളിലെ ഇടവേളകളിൽ വായനയിലൂടെയായിരുന്നു ആനന്ദം കണ്ടെത്തിയിരുന്നത്. ചെറുപ്പത്തിൽ വായിച്ചുവളർന്ന കേരളകൗമുദിക്ക് എന്നും ഹൃദയത്തിലായിരുന്നു സ്ഥാനം.
ഭരതനുറങ്ങുന്ന വടക്കാഞ്ചേരിയും പിന്നെ ഉത്രാളിക്കാവും അകമല വനവുമെല്ലാം ലളിത ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഭരതന്റെ തറവാടായ പാലിശ്ശേരിയിലായിരുന്നു ഏറെക്കാലം താമസിച്ചത്. ഭരതന്റെ മരണശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന ലളിതയെ സത്യൻ അന്തിക്കാടാണ് 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലൂടെ തിരികെയെത്തിച്ചത്.
നാട്ടിലെ സാംസ്കാരിക - രാഷ്ട്രീയ പരിപാടികളിലും മഹേശ്വരി അമ്മ എന്ന കെ.പി.എ.സി ലളിത സജീവമായിരുന്നു. ഭരതന്റെ പിതാവ് പാലിശ്ശേരി പരമേശ്വരൻ നായർ ലളിതയെ മഹേശ്വരി എന്ന പേര് തന്നെയായിരുന്നു വിളിച്ചിരുന്നത്.
കാലിൽ ചിലങ്കയണിഞ്ഞ് ഭരതനാട്യവും മോഹിനിയാട്ടവുമെല്ലാം അവതരിപ്പിക്കുന്ന നർത്തകിയാകണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. എന്നാൽ നാടകവേദികളിലൂടെ തിളങ്ങി ചലച്ചിത്ര താരമായി. ഒരു അഭിനേത്രിയായതിൽ ദുഃഖമൊന്നും ഇല്ലെന്ന് ലളിത തന്നെ പറയുന്നു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, സർവേക്കല്ല്, പുതിയ ആകാശം പുതിയ ഭൂമി എന്നീ നാടകങ്ങളിലൂടെയാണ് സിനിമയിലേക്ക് ചുവടുവച്ചത്. ചങ്ങനാശ്ശേരി ഗീത, പ്രതിഭാ ആർട്ട്‌സ് എന്നീ നാടകസംഘങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെ 1962ൽ കെ.പി.എ.സി.യിലെത്തി. തോപ്പിൽ ഭാസിയാണ് പ്രോത്സാഹനം നൽകിയത്. 15 രൂപയായിരുന്നു ആദ്യപ്രതിഫലം.
സർവേക്കല്ലിലെ സുമതി, മുടിയനായ പുത്രനിലെ ശാരദ, തുലാഭാരത്തിലെ വത്സല, കൂട്ടുകുടുംബത്തിലെ സരസ്വതി... എന്നിങ്ങനെയുള്ള അരങ്ങിലെ കഥാപാത്രങ്ങളും ഈ കലാകാരി അനശ്വരമാക്കി. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും നല്ല ഗായിക കൂടിയായിരുന്നു. മൂലധനത്തിൽ മണ്ണാങ്കട്ടയും കരിയിലയും കൂടി...., നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയതിലെ നീലക്കുരുവി... തുടങ്ങി ഒട്ടേറെ ഗാനങ്ങൾ ലളിതയുടെ ശബ്ദത്തിലൂടെ പിറവി കൊണ്ടവയാണ്.