ചേലക്കര: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്ക് ഇൻഹേലർ ലഭ്യമാക്കുന്നതിനായി രൂപീകരിച്ച 'നിശ്വാസം' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവില്ലാമല സാമൂഹിക ആരോഗ്യ കേന്ദ്രം, പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രം, ചേലക്കര താലൂക്ക് ആശുപത്രി എന്നീ ആരോഗ്യ സ്ഥാപനങ്ങൾക്ക് 200 വീതം ഹെയർ ഇൻഹേലറുകളാണ് കൈമാറിയത്. വാർഷിക പദ്ധതിയിൽ 1.40 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. തിരുവില്ലാമല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന യോഗത്തിൽ തിരുവില്ലാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ശ്രീജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ കാളിയത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീതാ രാധാകൃഷ്ണൻ, സിന്ധു സുരേഷ്, ആശാദേവി, ലതാസാനു, ഷിജിത്, ബിനീഷ്, തിരുവില്ലാമല മെഡിക്കൽ സൂപ്രണ്ട് ഡോ. ഷീബ, ഹെൽത്ത് സൂപ്പർവൈസർ കെ.രാമദാസ് എന്നിവർ പങ്കെടുത്തു.