
വടക്കാഞ്ചേരി : ഭരതൻ അന്ത്യവിശ്രമം കൊള്ളുന്ന എങ്കക്കാട് പാലിശ്ശേരി തറവാട്ടിൽ അന്ത്യവിശ്രമമെന്നത് കെ.പി.എ.സി ലളിതയുടെ അവസാന ആഗ്രഹമായിരുന്നു. ഭരതന്റെ കുടീരത്തിനരികിൽ ഇതിനായി സ്ഥലവും നീക്കിയിട്ടു. ഭരതന്റെ അമ്മ കാർത്ത്യായനിഅമ്മയും അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. എന്നാൽ, ഈ സ്ഥലം ഇപ്പോൾ കൈവശമില്ലാത്തതിനാൽ തൊട്ടടുത്ത പാലിശ്ശേരിയിലെ 'ഓർമ്മ" എന്ന വീട്ടു പറമ്പിലേക്ക് സംസ്കാരം മാറ്റുകയായിരുന്നു.
അസുഖം വന്ന് ഓർമ്മ നഷ്ടപ്പെടും മുമ്പായിരുന്നു ഈ ആഗ്രഹം മക്കളായ ശ്രീക്കുട്ടിയോടും സിദ്ധാർത്ഥിനോടും ലളിത പറഞ്ഞത്. ഭരതന്റെ സ്മൃതി കുടീരത്തിനടുത്ത് ഭരതന്റെ പാദങ്ങൾ സംസ്കാരത്തിന് മുമ്പ് പ്ലാസ്റ്റർ ഒഫ് പാരീസ് മിശ്രിതത്തിൽ സിദ്ധാർത്ഥ് പതിപ്പിച്ചെടുത്തത് സ്ഥാപിച്ചിട്ടുണ്ട്. അമ്മയുടെ സംസ്കാരവും അവിടെത്തന്നെ നടത്തി പാദം സ്ഥാപിക്കണമെന്നായിരുന്നു സിദ്ധാർത്ഥിന്റെ ആഗ്രഹം.
ലളിത ഏറെ ഇഷ്ടപ്പെട്ടിരുന്ന ഗ്രാമമായിരുന്നു എങ്കക്കാട്. ഇവിടെയാണ് ഭരതന്റെ ജ്യേഷ്ഠത്തിമാരായ മാലതിഅമ്മയും സരസ്വതിയും താമസിക്കുന്നത്. എങ്കക്കാട്ടെ ലളിതയുടെ വീടിനടുത്ത ഭൂമിയിലെ ആഞ്ഞിലിയുടെ ചുവട്ടിലാണ് കെ.പി.എ.സി ലളിതയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്.