പാവറട്ടി: ഒരു മണിക്കൂറും ആറ് മിനിറ്റും നിർത്താതെ മോണോആക്ട് അവതരിപ്പിച്ച എടക്കളത്തൂർ സ്വദേശിനി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ. തോളൂർ പഞ്ചായത്തിലെ എടക്കളത്തൂർ എണ്ണശ്ശേരി മുരളീധരന്റെയും പുളിഞ്ചേരി പ്രിയയുടെയും ഏകമകളായ ശിൽപ്പയാണ് ഈ നേട്ടം കൈവരിച്ചത്. കൊവിഡ് പ്രതിസന്ധി മൂലം അധികൃതരുടെ നിർദേശപ്രകാരം പ്രൊഫഷണൽ വീഡിയോഗ്രാഫർ പകർത്തിയ വീഡിയോ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിനായി അയച്ചുകൊടുക്കുകയായിരുന്നു. വീഡിയോ വിലയിരുത്തിയ ശേഷം കഴിഞ്ഞ ദിവസമാണ് അംഗീകാരത്തിനുള്ള സർട്ടിഫിക്കറ്റുകളും രേഖകളും ശിൽപ്പയെ തേടിയെത്തിയത്. ശിൽപ്പയെ റെക്കാഡിനായി മോണോ ആക്ട് പരിശീലിപ്പിച്ചത് കാക്കിക്കുള്ളിലെ കലാകാരനായ പൊലീസ് ഓഫീസർ വിനോദ് മുളങ്കുന്നത്ത്കാവ് ആണ്.
രണ്ടര വയസുമുതൽ കലാരംഗത്ത് സജീവമായ ശിൽപ്പ മത്സരിക്കാത്ത ഇനങ്ങളില്ല. കഥാപ്രസംഗം, മോണോആക്ട്, മൈം, നാടകം, ഡാൻസ് എന്നിവയിൽ സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ശിൽപ്പ ഇപ്പോൾ തൃത്താല ശങ്കരകൃഷ്ണ പൊതുവാൾ മാഷിന്റെ കീഴിൽ ഇടയ്ക്ക അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്.
ജന്മനാട്ടിൽ വർഷങ്ങളായി ശ്രീപാർവതി നൃത്ത കലാക്ഷേത്ര നൃത്ത വിദ്യാലയം നടത്തി പുതുതലമുറയ്ക്ക് അറിവും പ്രചോദനമാവുകയാണ് ശിൽപ്പ. വടക്കെക്കാട് അശോകൻ മാസ്റ്ററുടെയും കലാമണ്ഡലം വിനോദിനി ടീച്ചറുടെയും കീഴിലായിരുന്നു ശിൽപ്പയുടെ നൃത്താഭ്യാസം.
യു.കെയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനുള്ള അവസരവും ശിൽപ്പയെ തേടിയെത്തിയിട്ടുണ്ട്. എന്നാൽ തന്റെ സ്വപ്‌നമായ ഓട്ടിസം ബാധിച്ചവരുടെ ഉന്നമനത്തിനായി ഒരു സ്ഥാപനം തുടങ്ങുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഈ ഇരുപത്തിയെട്ടുകാരിയിപ്പോൾ. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ള ശിൽപ്പ തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സ്റ്റുഡന്റ് കൗൺസിലറായാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
പറപ്പൂർ സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്‌കൂൾ, പുറനാട്ടുകര ശ്രീശാരദ ഗേൾസ് എച്ച്.എസ്.എസ്, തൃശൂർ വിമല കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം കലാജീവിതത്തിന് പ്രോത്സാഹനമായി
-ശിൽപ്പ.