പാവറട്ടി: തോളൂർ കൃഷിഭവന് കീഴിൽ പോന്നോർത്താഴംപ്പടവിൽ ഇരുപ്പൂ നെൽക്കൃഷി ആരംഭിച്ചു. ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞ 20 ഏക്കർ സ്ഥലത്താണ് കൃഷി വകുപ്പിന്റെ ഓപ്പറേഷൻ കോൾഡബിൾ പദ്ധതിയിൽ കൃഷിയിറക്കിയിട്ടുള്ളത്. പടവ് കൺവീനറും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.എ. സന്തോഷിന്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. എ.ഡി.ടി 37 എന്ന പുതിയ ഇനം നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചിട്ടുള്ളത്. ഹെക്ടറിന് 10, 000 രൂപ ധനസഹായമായും ജൈവ കുമിൾനാശിനിയായ സ്യൂഡോമോണസ് സൗജന്യമായും പദ്ധതിയിൽ നൽകുന്നുണ്ട്. തോളൂർ കൃഷിഭവനു കീഴിൽ കാളിപ്പാടം പടവിൽ 50 ഏക്കർ പയറ് കൃഷിയും ഈ പദ്ധതി പ്രകാരം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. തോളൂർ കൃഷി ഓഫീസർ കെ.വി. വിനേഷ് കുമാർ, കൃഷി അസിസ്റ്റന്റ് ഇ.ബി. ലുധീഷ് എന്നിവർ കൃഷിയിടം സന്ദർശിച്ചു.