തൃശൂർ: അയത്‌നലളിതമായ അഭിനയ ശൈലിയിലൂടെ മലയാളിയെ വിസ്മയിപ്പിച്ച കെ.പി.എ.സി ലളിതയ്ക്ക് സാംസ്‌കാരിക നഗരിയുടെ അന്ത്യപ്രണാമം. സംഗീത നാടക അക്കാഡമിയുടെ അദ്ധ്യക്ഷ കൂടിയായ കെ.പി.എ.സി ലളിതയ്ക്ക് ഇന്നലെ ആയിരങ്ങളാണ് യാത്രാമൊഴി നൽകിയത്.
ഉച്ചയ്ക്ക് 1.55 നാണ് സംഗീതനാടക അക്കാമഡി റീജ്യണൽ തിയേറ്ററിലെത്തിച്ചത്. അതുല്യ അഭിനയപ്രതിഭയെ അവസാനമായി ഒരു നോക്കുകണ്ട് വിട നൽകാനെത്തിയ ആരാധകരെ ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. അരമണിക്കൂറാണ് പൊതുദർശനത്തിന് നിശ്ചയിച്ചതെങ്കിലും തിരക്കേറിയതിനാൽ 2.45 വരെ നീണ്ടു.
പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ജില്ലാ ഭരണകൂടത്തിനായി കളക്ടർ ഹരിത വി.കുമാർ റീത്ത് സമർപ്പിച്ചു. ടി.എൻ.പ്രതാപൻ എം.പി, മേയർ എം.കെ.വർഗീസ്, മുൻമന്ത്രി സി.രവീന്ദ്രനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിഡ്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, മുൻ മന്ത്രിമാരായ കെ.പി രാജേന്ദ്രൻ, വി.എസ് സുനിൽകുമാർ, കെ.പി.എ.സി ചെയർമാൻ കെ.ഇ ഇസ്മയിൽ, ജനറൽ സെക്രട്ടറി അഡ്വ.എ.ഷാജഹാൻ, കെ.കെ.വത്സരാജ്, നടൻ ഇന്നസെന്റ്, ഇടവേള ബാബു, കെ.കെ.അനീഷ്‌കുമാർ, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഫുട്ബാൾ താരം ഐ.എം വിജയൻ, സംവിധായകരായ സത്യൻ അന്തിക്കാട്, ജയരാജ്, പ്രിയനന്ദനൻ, സംഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ, ഷോഗൺ രാജു, എങ്ങണ്ടിയൂർ ചന്ദ്രശേഖൻ, സന്ദീപ് വാര്യർ, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.എ.മുഹമ്മദ് റഷീദ്, ടി.വി.ചന്ദ്രമോഹൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ, ജയരാജ് വാര്യർ തുടങ്ങി നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. തുടർന്ന് വടക്കാഞ്ചേരി നഗരസഭാ അങ്കണത്തിലും മൃതദേഹം പൊതു ദർശനത്തിന് വച്ചു. മകൻ സിദ്ധാർത്ഥ്, മകൾ ശ്രീക്കുട്ടി, മരുമകൾ സുജിന, ഇടവേളബാബു, ടിനി ടോം, പ്രിയങ്ക എന്നിവർ മൃതദേഹത്തെ അനുഗമിച്ച് ഒപ്പമുണ്ടായിരുന്നു.
നഷ്ടമായത് ചേച്ചിയെ
നാടകരംഗത്തെ അഭിനയ പാടവം കൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം നേടിയ നടിയായിരുന്നു കെ.പി.എ.സി ലളിത. പുരോഗമന പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധം എന്നും തുടർന്നു. വ്യക്തിപരമായി വാത്സല്യമാർന്നൊരു ചേച്ചിയെയാണ് നഷ്ടപ്പെട്ടത്.
- മന്ത്രി കെ.രാധാകൃഷ്ണൻ
കലയിൽ സമർപ്പിതം
ഇതിഹാസതുല്യമായ പെൺ കലാജീവിതം എന്നുതന്നെ അതിനെ വിളിക്കണം. തികവാർന്ന കഥാപാത്രങ്ങൾ. അവർക്കല്ലാതെ മറ്റാർക്കും ചെയ്യാനാവാത്തതെന്ന് കരുതിപ്പോകുന്ന എണ്ണമറ്റ വേഷങ്ങൾ.. വിട, പ്രിയങ്കരിയായ അഭിനേത്രീ..
- ഡോ.ആർ.ബിന്ദു, ഉന്നതവിദ്യാഭ്യാസമന്ത്രി