മേലൂർ: മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. റോഡ് വർഷക്കാലത്തിനു മുൻപ് തീർക്കണമെന്ന് ആവശ്യപ്പെട്ടും അശാസ്ത്രീയമായ രീതിയിൽ നടക്കുന്ന പ്രവൃത്തികളിൽ പ്രതിഷേധിച്ചും സി.പി.ഐ പ്രവർത്തകർ പൂലാനിയിൽ ശയനപ്രദക്ഷിണം നടത്തി. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെയും നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കിലും പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ റീത്ത് വച്ചു. ടാറിംഗ് ഒഴിച്ചുള്ള മറ്റ് പ്രവൃത്തികൾ പൂർത്തിയായ ഭാഗങ്ങളിൽ കൽവർട്ട് നിർമ്മാണത്തിന്റെ പേരിൽ വീണ്ടും പൊളിക്കുന്ന പ്രവർത്തനം നിറുത്തണമെന്ന് റോഡ് പണിയിലെ ഉദാസീനത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സി.പി.ഐയുടെ ശയനപ്രദക്ഷിണം. പ്രതിഷേധയോഗം ലോക്കൽ സെക്രട്ടറി മധു തൂപ്രത്ത് ഉൽഘാടനം ചെയ്തു. പി.വി. സുരാജ്, കെ.എസ്. സുനോജ്, പി.വി. സിജു, കെ.കെ. ഷാജി എന്നിവർ നേതൃത്വം നൽകി.
ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുകുത്തിയിൽ റോഡ് പൊളിച്ചിട്ടിരിക്കുന്ന ഭാഗത്തായിരുന്നു റീത്ത് വയ്ക്കൽ. കല്ലുകുത്തി മുതൽ കുന്നപ്പിള്ളിവരെ റോഡ് പൊളിച്ചിട്ടിട്ട് ആറ് മാസമായി. നാട്ടുകാർ മണ്ണും പൊടിയും ശ്വസിച്ച് ദുരിതത്തിലാവുകയും ചെയ്തു. വകുപ്പ് മന്ത്രി, എം.എൽ.എ തുടങ്ങിയവർ റോഡ് ടാറിംഗിന് പറഞ്ഞ തീയതികൾ പലതും കഴിഞ്ഞിട്ടും കോൺട്രാക്ട് കമ്പനിക്കാർ തന്നിഷ്ടമാണ് കാണിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.
മേലൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം സമരം ചാലക്കുടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിബിൻ കാട്ടുങ്ങൽ അദ്ധ്യക്ഷനായി. കൊരട്ടി മണ്ഡലം സെൽ കോ-ഓർഡിനേറ്റർ ഷാജു കോക്കാടൻ, മണ്ഡലം ജന:സെക്രട്ടറി ബൈജു ശ്രീപുരം, മേലൂർ പഞ്ചായത്ത് ജന.സെക്രട്ടറി സരേഷ് വെള്ളന്നൂർ, വൈ. പ്രസിഡന്റ് കെ.എം. സുബ്രഹ്മണ്യൻ, മണ്ഡലം സെക്രട്ടറി ശ്രീദേവി ജയൻ, പഞ്ചായത്ത് അംഗങ്ങളായ ഇ.ആർ. രഘുനാഥ്, അംബിക ബാബു എന്നിവർ പ്രസംഗിച്ചു.