കുന്നംകുളം: സൗരോർജ പാനലിൽ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നൽകാൻ കുന്നംകുളം നഗരസഭ. കുന്നംകുളം താലൂക്ക് ആശുപത്രിയിലെയും ടൗൺഹാളിലെയും മേൽക്കൂരയിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ പാനലിൽ നിന്നാണ് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത്. പദ്ധതി ഉദ്ഘാടനം നാളെ 3 മണിക്ക് താലൂക്ക് ആശുപത്രിയിൽ എ.സി. മൊയ്തീൻ എം. എൽ.എ നിർവഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ അദ്ധ്യക്ഷയാകും.
രണ്ട് സ്ഥലങ്ങളിലായി 50 കിലോവാട്ട് ഉത്പ്പാദനശേഷിയുള്ള പാനലുകൾക്കായി നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് 40 ലക്ഷമാണ് ചെലവഴിച്ചത്. അനർട്ടിന്റെ സഹായത്തോടെ അംഗീകൃത ഏജൻസിയായ കുട്ടനെല്ലൂരിലെ സോൾജിയൻ എനർജി പ്രൈവറ്റ് ലിമിറ്റഡാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. സൗരോർജ പദ്ധതി പ്രാവർത്തികമാകുന്നതോടെ വൈദ്യുതി ബില്ലിന് കെ.എസ്.ഇ.ബിക്ക് നൽകുന്ന തുകയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നതാണ് നഗരസഭയുടെ നേട്ടം. കൂടുതൽ ഉത്പ്പാദനമുണ്ടെങ്കിൽ അതിനുള്ള തുകയും ലഭിക്കും.
ശരാശരി 25,000 രൂപയാണ് താലൂക്ക് ആശുപത്രിയുടെ പ്രതിമാസ വൈദ്യുതിച്ചെലവ്. ടൗൺഹാളിൽ ശരാശരി 10,000 രൂപയാണ് പ്രതിമാസ ബില്ല്. 15 കിലോവാട്ട് പാനലിൽനിന്ന് ആവശ്യത്തിൽ കൂടുതൽ ഉത്പ്പാദിപ്പിക്കാനാകും.
പദ്ധതി ഓൺഗ്രിഡ് രീതിയിൽ
സൗരോർജം ഉത്പ്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നൽകുന്ന ഓൺഗ്രിഡ് രീതിയിലാണ് പദ്ധതി. താലൂക്ക് ആശുപത്രിയിൽ 35, ടൗൺഹാളിൽ 15 കിലോവാട്ട് പാനലുകളുണ്ട്. 35 കിലോവാട്ടിന്റെ സോളാർ പാനലിൽനിന്ന് ശരാശരി 4,200 യൂണിറ്റ് വൈദ്യുതി ലഭിക്കും.