
തൃശൂർ: യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ പൂർണമായും ഉറപ്പുവരുത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തരാകരുത്. വ്യോമപാത അടച്ച സ്ഥിതിക്ക് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ബദൽ മാർഗങ്ങൾക്ക് അടിയന്തര നടപടി പരിശോധിച്ചുവരികയാണ്.
എംബസികളെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ നിയോഗിക്കും. യുക്രെയിനിലെ കിഴക്കൻ മേഖലയിലാണ് ആശങ്കയുള്ളത്. പടിഞ്ഞാറൻ മേഖലയിൽ ആശങ്കയില്ല. അവർക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ട്. എംബസിയിലെ കൺട്രോൾ റൂം വിപുലപ്പെടുത്തി. കൂടുതൽ ടെലിഫോൺ നമ്പറുകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമേ ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങൾ വഴിയും ഇന്ത്യൻ പൗരന്മാരുടെ ആവശ്യം അറിയിക്കാം. വിദ്യാർത്ഥികൾ ഉൾപ്പെടെ 20,000 പേരാണ് യുക്രെയിനിലുള്ളത്.
യുദ്ധഭീഷണി ഉയർന്ന ഉടനെ കൂടുതൽ വിമാനങ്ങളെത്തിച്ച് ഇന്ത്യക്കാരെ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് വ്യോമപാത അടച്ചത്. എല്ലാ ഇന്ത്യൻ പൗരന്മാർക്കും കേന്ദ്രസർക്കാർ സഹായം എത്തിക്കും. ആരും ആശങ്കപ്പെടേണ്ട. വിദേശകാര്യ മന്ത്രാലയവും പൂർണ സജ്ജമാണ്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ നേതൃത്വത്തിലാണ് കാര്യങ്ങൾ വിലയിരുത്തുന്നത്. അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവിടെയുള്ള വിദ്യാർത്ഥികളുമായി സംസാരിച്ചു.
വലിയ യുദ്ധസാഹചര്യമുണ്ടായ ഇറാഖിൽ നിന്നുൾപ്പെടെ കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യക്കാരെ കൊണ്ടുവന്ന അനുഭവ പരിചയമുള്ള നയതന്ത്ര സംവിധാനമാണ് രാജ്യത്തിനുള്ളത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസർക്കാരിന് സാധിക്കും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. കേരളത്തിൽ നിന്ന് 2,300 വിദ്യാർത്ഥികളുണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആശങ്കയോടെ രക്ഷിതാക്കൾ കേന്ദ്രമന്ത്രിക്ക് മുന്നിൽ
യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്കയുമായി രക്ഷിതാക്കൾ കേന്ദ്രസഹമന്ത്രി വി.മുരളീധരന് മുന്നിലെത്തി.
ആശങ്ക വേണ്ടെന്നും എല്ലാ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എംബസിയിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. ഒഡേഷാ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായി 150 ഓളം മലയാളികളുണ്ടെന്ന് അവിടെ പഠിക്കുന്ന പെരിങ്ങാവ് വൈശാഖ് വീട്ടിൽ ഗോകുലിന്റെ പിതാവ് സതീശൻ കേന്ദ്രമന്ത്രിയെ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12ന് പ്രത്യേക വിമാനം ഏർപ്പെടുത്തിയിരുന്നു. പലരും നാട്ടിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത് നിൽക്കുന്നതിനിടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതും വിമാനങ്ങൾ റദ്ദ് ചെയ്തതും. കാർവ്യൂഗിൽ പഠിക്കുന്ന പാമ്പൂർ സ്വദേശികളായ നിഖിൽ, ദേവക്, മുല്ലശേരി സ്വദേശി ജോയൽ എന്നിവരുടെ രക്ഷിതാക്കളും കാണാനെത്തി. എ.ടി.എം കൗണ്ടറുകൾ പൂട്ടിയതും വ്യാപാര സ്ഥാപനങ്ങൾ അടച്ചതും ആശങ്ക സൃഷ്ടിക്കുന്നതായി അവർ അറിയിച്ചു.