വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യ പൂരം പ്രദർശനത്തിന് നാളെ മുതൽ തുടക്കം. പത്തുനാൾ നീളുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് ആറിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും.
രമ്യ ഹരിദാസ് എം.പി, എ.സി. മൊയ്തീൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ എന്നിവർ പ്രസംഗിക്കും. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, പ്രദർശനക്കമ്മിറ്റി ജനറൽ കൺവീനർ അജിത് കുമാർ മല്ലയ്യ, പൂരം ചീഫ് കോ- ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
പ്രദർശനം ഓട്ടുപാറയിൽ, പ്രവേശനം സൗജന്യം
ഇക്കുറി ഓട്ടുപാറയിലാണ് പൂരം പ്രദർശനം. വിവിധയിനം സ്റ്റാളുകൾ, പവലിയനുകൾ, അമ്യൂസ്‌മെന്റ് പാർക്ക്, കച്ചവട സ്റ്റാളുകൾ, ഫുഡ് കോർട്ട് എന്നിവയ്ക്ക് പുറമെ ഡ്രാഗൺ ട്രെയിൻ, കൊള ബസ്, കുട്ടികൾക്കായുള്ള വാർട്ടർ ബോർട്ട് എന്നിവയും പ്രദർശന നഗരിയിലുണ്ടാകും. എല്ലാ ദിവസവും വൈകീട്ട് ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന കലാപരിപാടികളും അരങ്ങേറും. സൗജന്യമാണ് പ്രവേശനം.
ഉത്രാളിക്കാവ് പൂരത്തിന് ഒരു കോടിയുടെ ഇൻഷ്വറൻസ്
വടക്കാഞ്ചേരി: മാർച്ച് ഒന്നിന് നടക്കുന്ന ഉത്രാളിക്കാവ് പൂരം ഒരു കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തു. പൂരത്തിന്റെ മുഖ്യപങ്കാളികളായ എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ പൂരക്കമ്മിറ്റികളുടെ എല്ലാ പ്രവർത്തനങ്ങളും കൂടാതെ ഈ മാസം 26 മുതൽ മാർച്ച് രണ്ട് വരെ ഉത്രാളിക്കാവ് ക്ഷേത്രത്തിന്റെ ഏഴ് കിലോമീറ്റർ വരെയുള്ള ദൂരപരിധിയിൽ വരുന്ന പൂരത്തോട് അനുബന്ധിച്ചുണ്ടാകുന്ന നാശനഷ്ടങ്ങളും ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി പരിരക്ഷ ഉറപ്പാക്കിയിട്ടുള്ളത്.