nws

നിർമ്മാണം പൂർത്തീകരിച്ച കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ.

കുന്നംകുളം: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കുന്നംകുളത്തെ പുതിയ ഹൈടെക് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച് 6 ന് ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ ആധുനിക സൗകര്യങ്ങളോടെയുള്ള സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി കുന്നംകുളം മാറും. റിസപ്ഷൻ, സ്റ്റേഷൻ ഇൻസ്‌പെക്ടർമാരുടെ പ്രത്യേക മുറികൾ, 2 ലോക്കപ്പുകൾ, വിശാലമായ ഫയൽ മുറികൾ, ടോയ്‌ലറ്റുകൾ, പൊലീസുകാർക്കുള്ള വിശ്രമസ്ഥലം എന്നിവ ഉൾപ്പെടെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഒരുക്കിയിട്ടുള്ളത്. തൃശൂർ റോഡിലുള്ള പഴയ പൊലീസ് സ്റ്റേഷൻ പൊളിച്ചാണ് കഴിഞ്ഞ സെപ്തംബറിൽ പുതിയ സ്റ്റേഷന് തറക്കല്ലിട്ടത്. തുടർന്ന് വേഗത്തിൽ തന്നെ നിർമ്മാണം ആരംഭിക്കുകയായിരുന്നു. 10, 500 ചതുരശ്രയടി വിസ്തീർണത്തിലാണ് ഹൈടെക് പൊലീസ് സ്റ്റേഷൻ വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗമാണ് പ്രവൃത്തിയുടെ മേൽനോട്ടം. രൂപരേഖ തയ്യാറാക്കിയതും പ്രവർത്തനങ്ങളിൽ മുഖ്യസഹായം നൽകുന്നതും കുന്നംകുളം നഗരസഭ എൻജിനീയറിംഗ് വിഭാഗമാണ്.