പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതിനും മറ്റത്തൂർ സി.എച്ച്.സിയിൽ സിവിൽ സർജൻ തസ്തികയിൽ നിയമനം നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ നിർമ്മാണ പുരോഗതിയും അടിസ്ഥാന വികസന പ്രവർത്തിയും സംബന്ധിച്ചുള്ള അവലോകനയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലുള്ള ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലുള്ള ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ ഉടനെ പണി പൂർത്തീകരിച്ചു ജനങ്ങൾക്കായി തുറന്നു നൽകുന്നതിനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, ആർദ്രം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.നിധിൻ കൃഷ്ണ, പുതുക്കാട് താലൂക്ക് ആശുപതി സൂപ്രണ്ട് എ.എ. മുഹമ്മദ് ആലി, പറപ്പൂക്കര ഹെൽത്ത് സെന്ററിലെ സൂപ്രണ്ട് ഡോ.ശിവരാജ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.