ചാലക്കുടി: റേഷൻ കാർഡുകൾ സ്മാർട്ടാക്കുന്ന വ്യാജേന ചാലക്കുടിയിൽ ചില വിരുതന്മാർ പണം തട്ടുന്നതിന് ശ്രമം നടക്കുന്നതായി പരാതി. സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് റേഷൻ കാർഡ് ഉടമകളെ ഫോണിൽ വിളിക്കുകയും ഫീസ്് ഈടാക്കി കാർഡ് സ്മാർട്ടാക്കി തരാമെന്നും വാഗ്ദാനം ചെയ്യുകയാണെന്നുമാണ് സപ്ലൈ ഓഫീസർ അറിയിക്കുന്നത്. ഇതേക്കുറിച്ച് റേഷൻ കടക്കാരാണ് പരാതിപ്പെട്ടതെന്ന്് ടി.എസ്.ഒയുടെ അറിയിപ്പിൽ പറയുന്നു. ഇത്തരത്തിൽ സർക്കാരിൽ നിന്നോ സപ്ലൈസ് ഡയറക്ടറുടെ ഓഫീസിൽ നിന്നോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തെറ്റായ സന്ദേശങ്ങളിൽ ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്നും ടി.എസ്.ഒ അഭ്യർത്ഥിച്ചു. റേഷൻ കാർഡ് സ്മാർട്ടാക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയത് അക്ഷയ കേന്ദ്രങ്ങളെയാണെന്നും പരമാവധി ഈടാക്കാവുന്ന തുക 65 രൂപയാണെന്നും ജനസേവ കേന്ദ്രങ്ങൾ എന്ന പേരിലുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ അംഗീകാരമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി.