
തൃശൂർ: തൃശൂരിലെ സുകുമാർ അഴീക്കോട് സ്മാരകം പുനരുജ്ജീവിപ്പിക്കുമെന്ന് സാഹിത്യ അക്കാഡമി നിയുക്ത പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു. ദേശീയ അന്തർദ്ദേശീയ തലത്തിലെ എഴുത്തുകാരുമായി തനിക്കുള്ള ബന്ധം പ്രയോജനപ്പെടുത്തി അക്കാഡമിയെ രാജ്യാന്തര തലത്തിൽ ഉയർത്താൻ ആഗ്രഹമുണ്ട്. സ്മാരകങ്ങളിൽ എഴുത്തുകാരന്റെ ജന്മ, ചരമ ദിനം മാത്രം ആചരിച്ച് പിരിയുന്നതിൽ അർത്ഥമില്ല. തിരുവില്വാമലയിലെ വി.കെ.എൻ സ്മാരകം ഉൾപ്പെടെ എഴുത്തുകാരുടെ പേരിലുള്ള സ്മാരകങ്ങളെല്ലാം ജനപങ്കാളിത്തത്തോടെ പ്രാദേശിക സാംസ്‌കാരിക കേന്ദ്രങ്ങളാക്കാൻ ശ്രമിക്കും.ഡിജിറ്റൽ കാലത്തിന് യോജിച്ച രീതിയിൽ അക്കാഡമി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. അക്കാഡമി പരിപാടികളിൽ യുവാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കും.സാഹിത്യ അക്കാഡമിക്ക് സമീപമുള്ള സംഗീത നാടക, ലളിതകലാ അക്കാഡമികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുകുമാർ അഴീക്കോടിന്റെ വീട് അക്കാഡമി ഏറ്റെടുത്തിരുന്നെങ്കിലും കാര്യമായ പ്രവർത്തനം നടക്കാത്തത് വിമർശന വിധേയമായിരുന്നു.