1

തൃശൂർ: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത് ജില്ലയിലെ നൂറോളം പേർ. വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, വലപ്പാട്, ചെറുതുരുത്തി, പാമ്പൂർ, കൊടുങ്ങല്ലൂർ, കൊടകര, പെരിങ്ങാവ് , മുല്ലശേരി മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി പോയവരാണ് കൂടുതലും. ജോലി ചെയ്യുന്നവരും ഏറെയുണ്ട്. അതേസമയം എത്ര പേർ ജില്ലയിൽ നിന്നുള്ളവരുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് കളക്ടറേറ്റിലോ, നോർക്കയിലോ ഇല്ല. പലരും വിദ്യാഭ്യാസ ആവശ്യത്തിന് പോയതാണ്.
വിവരം ലഭ്യമാകുന്നത് അനുസരിച്ച് പരിശോധന നടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. അവിടെയുള്ള ആളുകളെ കുറിച്ച് നോർക്ക സംസ്ഥാന ഓഫീസിലേക്ക് ഇ മെയിൽ സന്ദേശമയച്ചാൽ ഉടനെ മറുപടി ലഭിക്കുന്നുണ്ടെന്ന് ജില്ലയിലെ നോർക്ക അധികൃതർ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം തൃശൂരിലെത്തിയപ്പോൾ യുക്രൈനിൽ കുടുങ്ങിയ അഞ്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് സഹായഭ്യർത്ഥനയുമായെത്തിയത്.
വടക്കാഞ്ചേരി ചെറുതുരുത്തി മേഖലയിൽ നിന്നായി ഒമ്പത് വിദ്യാർത്ഥികളുണ്ടെന്നാണ് വിവരം. മിക്ക വിദ്യാർത്ഥികളും മെഡിക്കൽ വിദ്യാഭ്യാസത്തിനായി പോയവരാണ്. യുദ്ധസൂചനയെ തുടർന്ന് പലരും മടങ്ങാൻ തീരുമാനിച്ചിരുന്നതാണ്. പെട്ടെന്ന് റഷ്യയുടെ വ്യോമ്യാക്രമണമുണ്ടാവുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തത് തിരിച്ചടിയായി. റഷ്യയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായ യുക്രൈൻ കിഴക്കൻ മേഖലയിലാണ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ കൂടുതലുള്ളത്.
എ.ടി.എമ്മുകളിൽ പണമില്ലെന്നും സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങളില്ലെന്നുമുള്ള വിവരം വടക്കാഞ്ചേരി സ്വദേശി ലിയാന സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വൈദ്യുതി- മൊബൈൽ ഫോൺ ബന്ധങ്ങൾ നിലക്കുമോയെന്ന ആശങ്കയാണ് നിലവിലുള്ളത്. ഇന്നലെ റഷ്യൻ ആക്രമണമുണ്ടായ ഒഡേഷ മേഖലയിൽ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ ജില്ലയിലെ അഞ്ച് പേരാണുള്ളത്. ഇവർ അഞ്ച് പേരും അഞ്ചാം വർഷ വിദ്യാർത്ഥികളാണ്. ഇതിനിടെ പലരും റുമാനിയ, പോളണ്ട് അതിർത്തികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.