ഇന്നലെ ആക്രമണം നടന്ന ഒഡേഷയിലാണ് ഞങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 150 ഓളം മെഡിക്കൽ വിദ്യാർത്ഥികൾ താമസിക്കുന്നത്. വ്യാഴാഴ്ച്ച രാത്രി വരെ മുൾമുനയിലായിരുന്നു. ഇന്നലെ ഞങ്ങളുടെ ലീഡർ റുമാനിയൻ അതിർത്തിയിലേക്ക് പോകാൻ തയ്യാറെടുക്കാൻ പറഞ്ഞപ്പോൾ അൽപ്പം ആശ്വാസമായി. പോകുന്നവർ വാഹനത്തിൽ ഇന്ത്യൻ പതാക കെട്ടി വേണം പോകാനെന്നാണ് പറഞ്ഞിരിക്കുന്നത്. അപകടമില്ലാത്ത റൂട്ട് അറിയിക്കാമെന്ന് എംബസിയിൽ നിന്ന് പറഞ്ഞിട്ടുണ്ട്. റോഡ് മാർഗം പോകാൻ ഭയമുള്ളവർ താമസിക്കുന്ന സ്ഥലം സുരക്ഷിതമെങ്കിൽ അവിടെത്തന്നെ തങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഗോകുൽ ടി.മേനോൻ
ഒഡേഷാ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി
അഞ്ചാംവർഷ വിദ്യാർത്ഥി,
തൃശൂർ പെരിങ്ങാവ് സ്വദേശി
പോളണ്ട് അതിർത്തിയിലേക്ക് പോകാൻ രണ്ട് ദിവസമായി റെയിൽവേ സ്‌റ്റേഷനിലേക്ക് വരുന്നു. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർക്ക് വ്യാഴാഴ്ച്ച ട്രെയിൻ കിട്ടി. അവരിൽ രണ്ട് പേർ പോളണ്ട് വിസ ലഭിച്ചിരുന്നവരാണ്. ഇനി ഞങ്ങൾ മൂന്നു പേരുണ്ട്. വൈകിയാലും ട്രെയിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. ട്രെയിൻ യാത്ര സൗജന്യമാക്കിയിട്ടുണ്ട്. എന്നാൽ രണ്ടും മൂന്നും മണിക്കൂർ കൂടുമ്പോഴാണ് ഓരോ ട്രെയിനുള്ളത്. അത് വരുന്നത് തന്നെ സൂചികുത്താൻ സ്ഥലമില്ലാത്ത വിധമാണ്. ഓക്‌സാവന റെയിൽവേ സ്‌റ്റേഷനിലാണുള്ളത്. ട്രെയിൻ ലഭിച്ചാൽ നാലുമണിക്കൂർ കൊണ്ട് പോളണ്ട് അതിർത്തിയിലെത്താം. അതേസമയം ടാക്‌സികൾക്ക് പത്തിരട്ടിയാണ് വാടക. അഞ്ചുപേർക്ക് സഞ്ചരിക്കാവുന്ന കാറിൽ പോളണ്ട് അതിർത്തിയിലെത്താൻ ആയിരം ഡോളറാണ് ആവശ്യപ്പെടുന്നത്.
വിഷ്ണു പ്രസാദ്
എക്കദിമിക്ക തുപ്പലിവ സ്ട്രീറ്റിലെ
ഹോട്ടൽ മാനേജ്‌മെന്റ് ജീവനക്കാരൻ
തൃശൂർ മച്ചാട് കരുമത്ര സ്വദേശി