 
തൃശൂർ: യുക്രെയ്നിൽ അകപ്പെട്ട കുരിയച്ചിറ സ്വദേശി എഡ്‌ന റോസിന്റെ കുടുംബം ആശങ്കയിൽ. ചിയ്യാരം എടക്കളത്തൂർ വീട്ടിൽ റോസ് വില്ലയിൽ ജോഷി ജോണിന്റെ മകളാണ് വിന്നിസ്റ്റിയയിൽ മൂന്നാംവർഷ മെഡിസിൻ വിദ്യാർത്ഥിയായ എഡ്‌ന.
പഠിക്കാൻ മിടുക്കിയായ എഡ്‌ന കുരിയച്ചിറ സെന്റ് പോൾസ് കോൺവെന്റ്, തൃശൂർ സേക്രഡ് ഹാർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷമാണ് വിന്നിസ്റ്റിയയിൽ മെഡിക്കൽ പഠനത്തിന് പോയത്. അവിടെ നാഷണൽ പിറോഗൊവ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വരെ കുഴപ്പമില്ലായിരുന്നെന്നും പിന്നീടാണ് സ്ഥിതി മാറിയതെന്നും എഡ്‌ന പറഞ്ഞു. കഴിഞ്ഞദിവസം കീവ് വിമാനത്താവളം അടച്ചു. അവിടെനിന്നുള്ള വിമാനടിക്കറ്റ് നിരക്ക് 20,000 മുതൽ 33,000 രൂപ വരെയായിരുന്നു. യുദ്ധസാഹചര്യത്തിൽ ഇന്ത്യക്കാർ നാട്ടിലേക്ക് പോകാൻ തിടുക്കം കൂട്ടിയതോടെ നിരക്ക് 68,500 രൂപയായി. എഡ്‌നയും കൂട്ടുകാരും 27ന് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും വിമാനത്താവളം അടച്ചതോടെ യാത്ര മുടങ്ങി. യുദ്ധം നീണ്ടാൽ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടാകുമെന്ന പേടിയുമുണ്ട് വിദ്യാർത്ഥികൾക്ക്.
ജോഷിയുടെ കുടുംബത്തിന് സാന്ത്വനമായി പി.ബാലചന്ദ്രൻ എം.എൽ.എ എത്തി. എഡ്‌നയെയും കൂട്ടുകാരെയും നാട്ടിലെത്തിക്കാനായി സർക്കാരിന്റെ പിന്തുണ അറിയിച്ച എം.എൽ.എ എഡ്‌നയുമായി വീഡിയോ കാളിൽ സംസാരിച്ച് വിവരങ്ങൾ അറിഞ്ഞു.