പുനർഗേഹം പദ്ധതി കയ്പമംഗലം മണ്ഡലത്തിൽ
കയ്പമംഗലം: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതി കയ്പമംഗലം മണ്ഡലത്തിൽ സമ്പൂർണമാകുന്നു. തീരദേശത്തിന്റെ വേലിയേറ്റ മേഖലയിൽ നിന്ന് 50 മീറ്റർ ദൂരപരിധിയിൽ അതിവസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് പുനർഗേഹം പദ്ധതി. പുരോഗതി വിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, ശോഭന രവി, ടി.കെ. ചന്ദ്രബാബു, വൈസ് പ്രസിഡന്റുമാരായ കെ.കെ. മോഹനൻ, സായിദ മുത്തുക്കോയ തങ്ങൾ, കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ, ഫിഷറീസ് ഡയറക്ടർ മാജ ജോസ്, മത്സ്യഭവൻ ഓഫീസർ സി.ഡി. ലിസി, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലീന തോമസ്, പുനർഗേഹം പദ്ധതി മോട്ടിവേഷൻ കോ- ഓർഡിനേറ്റർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
പുനർഗേഹം പദ്ധതി കയ്പമംഗലം മണ്ഡലത്തിൽ
വേലിയേറ്റ മേഖലയിൽ സർവേ നടത്തിയപ്പോൾ 701 കുടുംബങ്ങളാണ് ഉൾപ്പെട്ടത്. അതിൽ 497 പേർക്ക് അംഗീകാരമായെങ്കിലും ഒഴിഞ്ഞ് പോകാൻ സമ്മതം അറിയിച്ചത് 320 പേരാണ്. കൃത്യമായ രേഖകൾ സമർപ്പിച്ച് രജിസ്‌ട്രേഷൻ ഘട്ടം പൂർത്തിയായവർ 216 പേരാണ്. 130 പേരുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനി സ്വന്തമായി സ്ഥലം കണ്ടെത്താനുള്ളവർ എട്ട് പേർ മാത്രമാണ്. നിലവിൽ 93 കുടുംബങ്ങൾ മണ്ഡലത്തിന്റെ വിവിധ മേഖലയിലായി പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്.
ഒരു കുടുംബത്തിന് രജിസ്‌ട്രേഷൻ ഫീസ് ഇളവ് നൽകി പത്ത് ലക്ഷം രൂപ നൽകുന്ന പദ്ധതി കയ്പമംഗല മണ്ഡലത്തിൽ സമ്പൂർണതയിലേക്ക് കടക്കുകയാണ്. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുമ്പന്ധിച്ച് മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി തീരദേശത്തെ അർഹതപ്പെട്ട മുഴുവൻ പേരേയും പുനരധിവസിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇ.ടി ടൈസൺ മാസ്റ്റർ
എം.എൽ.എ