1

വടക്കാഞ്ചേരി: റഷ്യൻ സൈന്യം യുക്രൈനിൽ ആക്രമണം തുടരുമ്പോൾ ആശങ്കയിൽ എങ്കക്കാട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയുടെ കുടുംബം. സെബ്രോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ തെക്കുംമുറി വീട്ടിൽ രാഹുൽദിനേശ് (24) സുരക്ഷിതമായി നാടണയാൻ സഹോദരങ്ങളും അമ്മ രാഖി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമാണ് പ്രാർത്ഥനയോടെ കാത്തിരിക്കുന്നത്.

എ.ടി.എമ്മുകളിൽ പണമില്ല, ഉള്ള സ്ഥലത്ത് നീണ്ടവരി നിൽക്കണം. സൂപ്പർമാർക്കറ്റുകളിൽ തിരക്ക് ഏറെയാണെന്നും യുവാവ് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. യുക്രെയിനിലെ വിമാനത്താവളങ്ങൾ എല്ലാം അടച്ചിരിക്കുകയാണ്. മാദ്ധ്യമങ്ങളിലൂടെ യുക്രെയിനിൽ റഷ്യ നടത്തുന്ന ആക്രമണം കാണുമ്പോൾ അതീവ ദുഃഖിതരാണ് കുടുംബം.

മകന്റെ സുരക്ഷയെക്കുറിച്ചോർത്ത് വലിയ ആശങ്കയിലാണ്. ഫോൺ ചെയ്യുന്നതിനും മറ്റും ഇപ്പോൾ കഴിയുന്നുണ്ട്. വരുംദിവസങ്ങളിൽ അതിനും നിയന്ത്രണം വരുമോയെന്ന കാര്യത്തിൽ ഭയമുണ്ട്.

- രാഖി, അമ്മ